പരിശുദ്ധ അമ്മയുടെ ചിത്രങ്ങളില്‍ വച്ചേറ്റവും പുരാതനമാണ് നിത്യസഹായമാതാവിന്റെ ചിത്രം. വിശുദ്ധ ലുക്കാ സുവിശേഷകനാണ് ചിത്രം വരച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രീറ്റില്‍ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ചിത്രം ഒരു വ്യാപാരി റോമിലേക്ക് മോഷ്ടിച്ചുകൊണ്ടുവരികയായിരുന്നു. റോമിലെ വിശുദ്ധ മത്തായി ശ്ലീഹായുടെ ദേവാലയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഈ ചിത്രത്തിന്റെ അന്നത്തെ ചുമതലക്കാര്‍ അഗസ്റ്റീനിയന്‍ സന്യാസിമാരായിരുന്നു. പിന്നീട് ദേവാലയം നശിപ്പിക്കപ്പെട്ടപ്പോള്‍ കാലങ്ങള്‍ക്ക് ശേഷം ഈ ചിത്രം റിഡംപ്റ്ററിസ്റ്റ് വൈദികരുടെ സംരക്ഷണയിലായി. ലോകം മുഴുവന്‍ നിത്യസഹായമാതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ചത് റിഡംപ്റ്ററിസ്റ്റ് വൈദികരായിരുന്നു. പിയൂസ് ഒമ്പതാമന്‍ നിത്യസഹായമാതാവിനോടു ഭക്തിയുള്ള വ്യക്തിയായിരുന്നു.
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ദേവാലയത്തില്‍ മാതാവിന്റെ ചിത്രം പ്രതിഷ്ഠിക്കാന്‍ അനുവാദം നല്കിയത് അദ്ദേഹമാണ്. 1867 ജൂണ്‍ 23 ന് മാതാവിന്റെ കിരീടധാരണം നടന്നു. നിത്യസഹായമാതാവിന്റെ തിരുനാള്‍ ഉദ്ഘാടനം ചെയ്തതും തീയതി നിശ്ചയിച്ചതും അദ്ദേഹമായിരുന്നു. ഉണ്ണീശോയുടെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രീകരണമാണ് ചിത്രത്തിലുള്ളത്. ഒരു ദിവസം ഉണ്ണീശോ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗബ്രിയേല്‍ മാലാഖയെയും മിഖായേല്‍ മാലാഖയെയും കണ്ടുവെന്നും ഈ മാലാഖമാരുടെ കൈയില്‍ഈശോ ഭാവിയില്‍സഹിക്കേണ്ടി വരുന്ന പീഡാനുഭവത്തിന്റെ ഉപകരണങ്ങളായ കുരിശും ആണിയും ഉണ്ടായിരുന്നുവെന്നും അതുകണ്ട് ഭയന്നോടിയപ്പോള്‍ ചെരിപ്പ് കാലില്‍ നിന്ന് അടര്‍ന്നുപോയെന്നും ഉ്ണ്ണീശോയെ മാതാവ് വാരിയെടുത്തുവെന്നുമാണ് കഥ.
ഈ സംഭവങ്ങളെല്ലാം ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെ ആശ്രയിക്കുന്ന എല്ലാവരെയും മാതാവ് ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്ന വലിയ സന്ദേശവും ആശ്വാസവുമാണ് നിത്യസഹായമാതാവിന്റെ ചിത്രം നല്കുന്നത്. അമ്മേ നിത്യസഹായമാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.