Appachan Kannanchira
വാത്സിങ്ഹാം : ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാത്സിങ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഒമ്പതാമത് മരിയൻ തീർത്ഥാടനവും തിരുന്നാളും ജൂലൈ 19 നു ശനിയാഴ്ച നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വവും മുഖ്യ കാർമ്മികത്വവും വഹിക്കും.
തീർത്ഥാടന തിരുന്നാളിൽ യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് മരിയൻ പ്രഭാഷണം നടത്തും.
സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന തീർത്ഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് ഫാ. ജിനു മുണ്ടനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ സീറോമലബാർ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്. വാത്സിങ്ഹാം തീർത്ഥാടന സംഘാടക റോളിൽ വർഷങ്ങളായി അനുഭവ സമ്പത്തുള്ളവരാണ് കേംബ്രിഡ്ജ് റീജയൻ സീറോമലബാർ വിശ്വാസ സമൂഹം.
തീർത്ഥാടനത്തിൽ പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഏവരും ഈ അനുഗ്രഹാവസരം ഉപയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു.
Walsingham Piligrimage 2025. Prasudenthi (£50)
അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ആഗോള കത്തോലിക്കാ സഭാ ജൂബിലി വർഷ പ്രത്യാശയുടെ തീർത്ഥാടനത്തിൽ പ്രതീക്ഷിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ പ്രഘോഷണ തിരുന്നാളിനാളിൽ പങ്കു ചേരുന്ന തീർത്ഥാടകർക്ക്, മാതൃ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹ-കൃപാ വർഷവും, പ്രാർത്ഥനാ സാഫല്യവും നിറവേറുന്നതിനായി രൂപതയുടെ നേതൃത്വത്തിലും പ്രത്യേകിച്ച് കേംബ്രിഡ്ജ് റീജണിലെ ഓരോ ഭവനങ്ങളിലും മധ്യസ്ഥ പ്രാർത്ഥനകൾ നടന്നുവരുന്നു.
രാവിലെ നടക്കുന്ന വിവിധ മരിയൻ ശുശ്രുഷകൾ, പ്രസുദേന്തി വാഴ്ച, തുടർന്ന് മാതൃഭക്തി നിറവിൽ തീർത്ഥാടന മരിയൻ പ്രഘോഷണ പ്രദക്ഷിണം എന്നിവ നടക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ ബാനർ പിടിച്ചുകൊണ്ട് മുത്തുക്കുടകളുടെ അകമ്പടിയോടെ ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ രണ്ടു വരിയായി പ്രഘോഷണ-പ്രാർത്ഥനാ റാലിയിൽ അണിചേറേണ്ടതാണ് . ആതിഥേയർ പരിശുദ്ധ വാൽസിങ്ങാം മാതാവിന്റെ രൂപം വഹിച്ചു കൊണ്ട് ഏറ്റവും പിന്നിലായി നീങ്ങും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും മാതൃസന്നിധിയിലേക്ക് സസ്നേഹം ക്ഷണിക്കുന്നു.
Registration Link:
Walsingham Piligrimage 2025. Prasudenthi (£50)
Catholic National Shrine of Our Lady Walshingham,
Houghton St.Giles
Norfolk,NR22 6AL