മുന്‍ പാസ്റ്റര്‍ സജിത്ത് ജോസഫിന്റെ ധ്യാനശുശ്രൂഷകള്‍ക്ക് വിന്‍സെന്‍ഷ്യന്‍ സഭയുടെ പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങളിലും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ മേരിമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ. അലക്‌സ് ചാലങ്ങാടി വിസി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നു. സജിത്ത് ജോസഫിനെ സംബന്ധിച്ച് ഗുരുതരമായ പല ആരോപണങ്ങളും പുറത്തുവന്ന സാഹചര്യത്തില്‍ മുരിങ്ങൂര്‍ ഡിവൈന്‍ധ്യാനകേന്ദ്രം ഉള്‍പ്പടെയുള്ള വിന്‍സെന്‍ഷ്യന്‍ സ്ഥാപനങ്ങളില്‍ സജിത്തിന്റെ ധ്യാനപ്രസംഗങ്ങള്‍ നടത്തരുതെന്ന അടിയന്തിരനിര്‍ദ്ദേശമാണ് നല്കിയിരിക്കുന്നത്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക വിരുദ്ധമായ കാര്യങ്ങളാണ് സജിത്ത് പ്രസംഗിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.
പെന്തക്കോസ്ത് സഭയില്‍ ജനിച്ചുവളര്‍ന്ന്, പാസ്റ്റര്‍ സജിത്തായി ധ്യാനശുശ്രൂഷകള്‍ നിര്‍വഹിച്ചുപോരുന്നതിനിടയിലാണ് സജിത്ത് കത്തോലിക്കാസഭയിലേക്ക് കടന്നുവന്നത്. കേരളത്തിലെ പ്രമുഖ ധ്യാനഗുരുവിന്റെ പ്രചോദനം സ്വീകരിച്ചായിരുന്നു സജിത്തിന്റെ കത്തോലിക്കാസഭാപ്രവേശനം. തുടര്‍ന്ന് കരിസ്മാറ്റിക് മേഖലയില്‍ ശക്തനായ സുവിശേഷപ്രഘോഷകനായി വിരാചിക്കുമ്പോഴാണ് സജിത്തിന്റെ ശുശ്രൂഷകള്‍ക്കു പിന്നിലുള്ളത് തട്ടിപ്പാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
അത്ഭുതരോഗശാന്തിപോലെയുള്ളവ ആസൂത്രിതമാണെന്ന മട്ടിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിന്റെ പിന്നാലെ പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത റിസോര്‍ട്ടുകള്‍ സ്ഥാപിക്കുന്നുവെന്ന ആരോപണവും നേരിടേണ്ടിവന്നു. പല ഹോട്ടല്‍ ശൃംഖലകള്‍ക്കും ചുക്കാന്‍ പിടിക്കുന്ന, പണത്തിനുവേണ്ടി ധ്യാനപ്രസംഗങ്ങളെ മറയാക്കുന്ന, വ്യക്തിയാണ് സജിത്ത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിസ്വാര്‍ത്ഥമതികളായ സുവിശേഷപ്രഘോഷകര്‍ക്കും സജിത്ത് കാരണം പേരുദോഷം വരുന്നുവെന്നു ചൂണ്ടിക്കാട്ടി മരിയന്‍പത്രവും ശക്തമായ നിരവധി എഡിറ്റോറിയലുകള്‍ എഴുതിയിരുന്നു. അന്ന് സജിത്ത് അനുഭാവികള്‍ മരിയന്‍ പത്രത്തിനെതിരെ ശബ്ദമുയര്‍ത്തുകയും എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിന്റെ ചുവടെ വന്ന് ചീത്തവിളിക്കുകയും പോരാഞ്ഞ് ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മരിയന്‍പത്രം പറഞ്ഞതില്‍ സത്യമുണ്ടെന്ന് കേരളത്തിലെ തന്നെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ പിള്ളത്തൊട്ടിലായി മാറിയിരിക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന് നേതൃത്വം കൊടുക്കുന്ന വിന്‍സെന്‍ഷ്യന്‍ നേതൃത്വം തന്നെ സജിത്തിന് വിലക്കേര്‍പ്പെടുത്തിയതിലൂടെ വ്യക്തമാകുന്നു.
സജിത്തിന് ഓശാനപാടുന്ന കേരളത്തിലെ കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാരും അല്മായനേതൃത്വവും ടിവിചാനലുകളിലൂടെ സജിത്തിന്റെ ശുശ്രൂഷയെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരും ഇനിയെങ്കിലും തെറ്റ് തിരുത്തട്ടെ