വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ഒരു വ്യക്തി എന്നെ കാണാന്‍ വന്നു. ലോകമെങ്ങും അറിയപ്പെടുന്ന ഒരു സുവിശേഷപ്രഘോഷണ മുന്നേറ്റത്തില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്ന വ്യക്തി. ആ പ്രസ്ഥാനവുമായി തെറ്റിപ്പിരിഞ്ഞാണ് വരവ്. ഇപ്പോള്‍ അദ്ദേഹത്തിന് പുതിയൊരു മിനിസ്ട്രി ആരംഭിക്കണം. അതിന് ചില സാമ്പത്തികസഹായങ്ങള്‍ ചെയ്തുകിട്ടുമോയെന്ന് അറിയാനായിരുന്നു എന്നെ സമീപിച്ചത്. എന്തുകൊണ്ടാണ് പുതുതായി ആ വ്യക്തി ഒരു മിനിസ്ട്രി ആരംഭിക്കുന്നത് എന്നതിന് എനിക്ക് വൈകാതെ മറുപടി കിട്ടി. ആദ്യം പ്രവര്‍ത്തിച്ചിരുന്ന മിനിസ്ട്രിയില്‍ നിന്ന് കണക്കറ്റ തുക ചാരിറ്റിഫണ്ടായി ലഭിച്ചിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങിയ ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ച വിസ്മയാവഹവുമായിരുന്നു. അതുപോലെ തനിക്കും ഒരു മിനിസ്്ട്രി ആരംഭിക്കണമെന്നും പണവും പദവിയും പ്രശസ്തിയും സ്വന്തമാക്കണമെന്നുമുളള ആഗ്രഹമായിരുന്നു ആ വ്യക്തിക്കുണ്ടായിരുന്നത്. അതെന്തായാലും അദ്ദേഹം ഒരു മിനിസ്ട്രി ഉടന്‍തന്നെ ആരംഭിക്കുകയും വൈകാതെ പ്രസ്തുതപ്രസ്ഥാനം പലരെയും വഴിയാധാരമാക്കി അകാലചരമമടയുകയും ചെയ്തു.
ഇതൊക്കെ ഓര്‍ക്കാന്‍ കാരണം സമീപകാലത്ത് സോഷ്യല്‍മീഡിയാ ഉള്‍പ്പടെയുളള മാധ്യമങ്ങളിലൂടെ പുറത്തുവന്ന മോട്ടിവേഷന്‍ ദമ്പതികളുടെ തമ്മിലടിയും അനുബന്ധപ്രശ്‌നങ്ങളുമാണ്. മോട്ടിവേഷന്‍ ദമ്പതികളുടെ തുടക്കം സുവിശേഷപ്രഘോഷണത്തില്‍ നിന്നായിരുന്നു ആ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അവര്‍ക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള വന്‍തുക ലഭിച്ചത്. അതോടെ അവരുടെ ജീവിതശൈലിയില്‍ മാറ്റമുണ്ടായി. പിന്നീട് സുവിശേഷപ്രഘോഷണം ഉപേക്ഷിച്ച് മോട്ടിവേഷനും ചാരിറ്റിപ്രവര്‍ത്തനങ്ങളുമായി അവര്‍ മുന്നോട്ടുപോവുകയായിരുന്നു. സുവിശേഷത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവര്‍ സുവിശേഷത്തെ പാതിവഴിയില്‍ ഉപേക്ഷിച്ചു. പക്ഷേ അവരെ മറ്റുള്ളവര്‍ വിശ്വസിച്ചത് തങ്ങള്‍ നേരത്തെ നടത്തിയ സുവിശേഷപ്രഘോഷണത്തിന്റെ പേരിലായിരുന്നുവെന്ന് അവര്‍ വിസ്മരിച്ച പണം കുന്നുകൂടിയപ്പോള്‍ അവര്‍ പഴയതെല്ലാം വി്‌സ്മരിക്കുകയും പണത്തിനും പദവികള്‍ക്കും വേണ്ടി അടിപിടികൂടുകയും ചെയ്തു. നാലുചുമരില്‍ ഒതുങ്ങേണ്ട പ്രശ്‌നം അങ്ങനെ ലോകം മുഴുവന്‍ അറിയുന്ന വിധത്തിലെത്തി.
കത്തോലിക്കാസഭയിലേക്ക് വന്ന പെന്തക്കോസ്തു പാസ്റ്റര്‍ സജിത്തിന്റെ പേരിലും ഇതിനകം നിരവധിയായ സാമ്പത്തികാരോപണങ്ങളും തട്ടിപ്പുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. അന്തരിച്ച പ്രശസ്തനായ ഒരു സുവിശേഷപ്രഘോഷകനും ജീവിതകാലത്ത് സാമ്പത്തികതിരിമറിയുടെ പേരില്‍ അറസ്റ്റ് വരെ നേരിടേണ്ടിവരികയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയും ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ പല പേരുകേട്ട സുവിശേഷപ്രഘോഷകരും എളുപ്പത്തില്‍ സമ്പന്നരായത് ക്രിസ്തുവിനെ വിറ്റിട്ടാണ്. ഇരുതോണിയില്‍ കാല്‍വച്ച് സമര്‍ത്ഥമായി തോണിതുഴഞ്ഞവരാണ് അവര്‍. തങ്ങള്‍ക്ക് പണസമ്പാദനത്തിനുള്ള എളുപ്പമാര്‍ഗമായി അവര്‍ ക്രിസ്തുവിനെയും സുവിശേഷത്തെയും വച്ച് വിലപേശി. ജനനം മുതല്‍ മരണംവരെയുള്ള കേവലം 33 വയസുകാലത്തെ ആയുസിനിടയില്‍ ഒരുതുണ്ടുഭൂമിയോ ഒരു സൈക്കിളോ പോലും സ്വന്തമാക്കിട്ടിയിട്ടില്ലാത്ത എന്നാല്‍ എല്ലാറ്റിന്റെയും സര്‍വാധിപനായ ക്രിസ്തുവിനെ വിറ്റുകിട്ടിയ കാശുകൊണ്ട് ഉദരപൂരണം നടത്തുക മാത്രമല്ല ആഡംബരങ്ങളും സുഭിക്ഷിതയും കൊണ്ട് അവര്‍ ജീവിതം ആഘോഷിക്കുകയും ചെയ്യുന്നു.
ഒരേ സമയം രണ്ടു യജമാനന്മാരെ സേവിക്കാനാവില്ലെന്ന് ക്രിസ്തു പണ്ടേ പറഞ്ഞിട്ടുണ്ട്. കുറെയൊക്കെ ദൈവം സഹിഷ്ണുതകാണിക്കും. പിന്നെ ദൈവത്തിന് പോലും അതു നഷ്ടപ്പെടും. അതുകൊണ്ടായിരിക്കാം പല വ്യക്തികളുടെയും സാമ്പത്തികതിരിമറിയുടെ കഥകള്‍ പുറത്തുവന്നത്. ദൈവത്തിന്റെപേരു പറഞ്ഞും പാവപ്പെട്ടവന് നല്കാനെന്നും പറഞ്ഞ് സ്വന്തം കീശയിലാക്കുന്ന കാശൊക്കെ ഒരുനാള്‍ നിങ്ങളുടെ പോക്കറ്റില്‍ കിടന്ന് നിലവിളിക്കും. വേലക്കാരന് കൂലികൊടുക്കാതെയും അര്‍ഹതപ്പെട്ട വേതനം നല്കാതെയും പിടിച്ചുവച്ചിരിക്കുന്ന പണം നാളെ ദൈവസന്നിധിയില്‍ നിങ്ങള്‍ക്കെതിരെയുള്ള സാക്ഷ്യമാകും. അന്ന് കേരളത്തില്‍ സുവിശേഷപ്രഘോഷണത്തിന്റെ പേരില്‍ പല മിനിസ്ട്രികള്‍ നടത്തിയെന്ന മുടന്തന്‍ന്യായമൊന്നും വിലപോവുകയില്ല. പാപികളെയും ചുങ്കക്കാരെയും പോലും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിപ്പിക്കാന്‍ ദൈവത്തിന്റെ കരുണ അനുവദിക്കുമായിരിക്കും. പക്ഷേ നിങ്ങളെ പോലെ, പച്ചിലകള്‍ മറച്ചുവച്ച് ഫലമുണ്ടെന്ന് തോന്നലുളവാക്കുന്ന അത്തിമരങ്ങള്‍ക്കും വെള്ളപൂശിയ കുഴിമാടങ്ങള്‍ക്കും നേരെ ദൈവകോപത്തിന്റെ ചാട്ടവാറടി ഉയരുകതന്നെ ചെയ്യും. ഇനിയെങ്കിലും സ ുവിശേഷത്തിന്റെ പേരിലുള്ള സാമ്പത്തികചൂഷണം അവസാനിപ്പിക്കുക.
വ്യക്തിപരമായ ഒരു നിരീക്ഷണം കൂടി പറയട്ടെ. സുവിശേഷപ്രഘോഷണം എന്ന ഏകലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി അല്മായ സഹോദരങ്ങള്‍ നമുക്കിടയിലുണ്ട്. ഏറെ പ്രശസ്തവും അപ്രശസ്തവുമായ മിനിസ്ട്രികളുടെ സ്ഥാപകരാണ് അവര്‍.. ഇതിന്റെ സാരഥ്യം വഹിക്കുന്ന വ്യക്തികളില്‍ ഒരാള്‍ പോലും ജോലി ചെയ്യാത്തവരാണ്. അല്ലെങ്കില്‍ ജോലിയില്ലാത്തവരാണ്. എന്നാല്‍ അവര്‍ ജീവിക്കുന്നതാകട്ടെ അങ്ങേയറ്റം സമൃദ്ധിയിലും. വേഷം , വാഹനം എന്നിങ്ങനെ മാത്രമല്ല സ്വന്തമായി ഷോപ്പിംങ് കോംപ്ലക്‌സുകളും ബിനാമി ഇടപാടില്‍ എസ്റ്റേറ്റുകള്‍ പോലും അവര്‍ക്കുണ്ട്. ഇവര്‍ക്കെവിടെ നിന്നാണ് പണം? ധൂര്‍ത്തും ആര്‍ഭാടവും ആഡംബരവും ചേര്‍ന്ന ജീവിതം നയിക്കുന്ന ഇവരെ സുവിശേഷപ്രഘോഷകരെന്ന് പറയാനാവുമോ? സാധുകൊച്ചുകുഞ്ഞ് ഉപദേശിയെപോലെയുള്ള യഥാര്‍ത്ഥ സുവിശേഷപ്രഘോഷകര്‍ക്ക് നിങ്ങള്‍ അപമാനമാണ്..
ആരൊക്കെയോ ചില വ്യക്തികള്‍ പങ്കുവച്ച പണമാണ് അവര്‍ ധൂര്‍ത്തടിച്ചുകളയുന്നത്. സ്വന്തമായി ജോലി ചെയ്ത് അതില്‍ നിന്നുകിട്ടുന്ന പണത്തിന്റെ ഓഹരിയില്‍ നിന്ന് ഏതെങ്കിലും മിനിസ്ട്രി നടത്തിക്കൊണ്ടുപോവുകയോ മുന്നോട്ടുപോകാന്‍ ഏതെങ്കിലും അഭ്യുദയകാംക്ഷികളുടെ സാമ്പത്തികസഹായം കൈപ്പറ്റുകയോ ചെയ്യുന്നതുപോലെയല്ല ഇതൊന്നും. പ്രോസ്പിരിറ്റി സ്പിരിച്വാലിറ്റിയുടെ വക്താക്കളാണ് ഇക്കൂട്ടര്‍. ദൈവത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് ദൈവം സമൃദ്ധിയായി നല്കും എന്ന പ്രബോധനമാണ് അവര്‍ നല്കുന്നത്. അതുപോലെ ദൈവത്തിന് ഏറ്റവും മികച്ചത് നല്കിയാല്‍ ദൈവം ഏറ്റവും മികച്ചത് നിങ്ങള്‍ക്ക് നല്കും എന്നതും. രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കണമെന്നും മടിശീലയോ പണമോ യാത്രയ്ക്ക് പോകുമ്പോള്‍ കരുതരുതെന്നും പറഞ്ഞ ക്രിസ്തുവിനെയാണ് പ്രോസ്പിരിറ്റി സ്പിരിച്വാലിറ്റിയുടെ വക്താക്കള്‍ സൗകര്യപൂര്‍വ്വം മറന്നുകളയുന്നത്. ദൈവത്തിന്റെ പേരില്‍ മനുഷ്യരെ കൊള്ളയടിക്കാന്‍ നിങ്ങള്‍ക്ക് പേടിയില്ലേ.. ഇത്രയധികം ആര്‍ഭാടസഹിതമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ. ചിന്തിക്കുക.. തിരുത്തുക. ഇത് സുവിശേഷത്തിന്റെ നിലനില്പിനുവേണ്ടിയാണ്. നാളെ മറ്റൊരു സാമ്പത്തികതിരിമറിയുടെ പേരില്‍ നിങ്ങളുടെ പേരും വിവരങ്ങളും പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതിരിക്കാനും അതിന്റെ പേരില്‍പൊങ്കാല ഇടാതിരിക്കാനും വേണ്ടിയാണ്.
ബ്ര. തോമസ് സാജ്
മാനേജിങ് എഡിറ്റർ
മരിയൻ പത്രം