ചിലരുടെ ചില വാക്കുകള്‍ ചരിത്രത്തില്‍ ഇടം പിടിക്കും. പുരോഗമനവാദിയാണെന്ന് ഭാവിക്കാനും മറ്റ് മതവിശ്വാസികളുടെ കൈയടി നേടാനും ചിലര്‍ ഏതുതരത്തിലുള്ള മാര്‍ഗങ്ങളിലൂടെയും തങ്ങളുടെ വിശ്വാസത്തില്‍ മായം ചേര്‍ക്കാന്‍ തയ്യാറാകും. അത്തരക്കാര്‍ക്കിടയിലാണ് തുര്‍ക്കി സന്ദര്‍ശനത്തിനിടയില്‍ ലെയോ പതിനാലാമന്‍ പാപ്പ പറഞ്ഞ ഒരു വാക്ക് ശ്രദ്ധേയമാകുന്നത്. That’s Ok . സാഹചര്യം ഇതാണ്. തുര്‍ക്കി സന്ദര്‍ശനത്തിനിടയില്‍ പാപ്പ ഇസ്താംബൂളിലെ പ്രശസ്തമായ ബ്ലൂ മോസ്ക്കില്‍ എത്തി. ഷൂസ് അഴിച്ചുമാറ്റി ആദരവോടെയാണ് പാപ്പ അകത്തേക്ക് പ്രവേശിച്ചത്. മോസ്ക്കിലെ ടൈ്ല് പതിപ്പിച്ച താഴികക്കുടങ്ങളും അറബി ലിഖിതങ്ങളും പാപ്പ നോക്കിക്കണ്ടു. അതിനിടയില്‍ ഇമാമായ അസ്ജിന്‍ തൂങ്ക പാപ്പയെ മോസ്ക്കില്‍ വച്ചു പ്രാര്‍ത്ഥനയ്ക്ക് ക്ഷണിച്ചു. അപ്പോള്‍ പാപ്പ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. Thats ok. വേണമെങ്കില്‍ ഒരു മതവിഭാഗത്തിന്റെ പ്രശംസയ്ക്കും പ്രീതിക്കും വേണ്ടി പാപ്പയ്ക്ക് അവിടെ പ്രാര്‍ത്ഥിക്കാമായിരുന്നു. എന്നാല്‍ പാപ്പ അതു ചെയ്തില്ല. കാരണം ക്രിസ്തു മാത്രമാണ് ഏക ദൈവമെന്നും അവിടുത്തെ മാത്രമേ ആരാധിക്കാവൂ എന്നും പാപ്പയ്ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഒരു മെത്രാന് മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായി മുസ്ലീംസഹോദരന്മാര്ക്കൊപ്പം നിസ്ക്കരിക്കുന്ന ചിത്രവും വാര്‍ത്തയും പുറത്തുവന്നിരുന്നു. വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സംഭവമായിരുന്നു അത്. കത്തോലിക്കാസഭയിലെ മേലധ്യക്ഷന്മാര്ക്ക് തന്നെ ഇത്തരത്തിലുള്ള വീഴ്ചകളും പാളിച്ചകളും സംഭവിക്കുമ്പോഴാണ് എല്ലാ കത്തോലിക്കാവിശ്വാസികള്‍ക്കുമായി ലെയോ പാപ്പ ഉദാത്തമാതൃക കാണിച്ചുതന്നിരിക്കുന്നത്. നമുക്ക് ഒരു മതവിശ്വാസികളോടും അകല്‍ച്ച കാണിക്കേണ്ടതില്ല. അവരെല്ലാം നമ്മുടെ സഹോദരന്മാരാണ്. എല്ലാവര്ക്കും അവനവരുടെ മതവിശ്വാസങ്ങളില്‍ മുറുകെപിടിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയിരിക്കുന്ന ഒരു രാജ്യം കൂടിയാണ് നമ്മുടേത്. അതുകൊണ്ട് അന്യമതവിശ്വാസികളെ നാം ആദരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണം. എന്നാല്‍ അവരുടെ ആചാരങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരല്ല. ഓണക്കുര്‍ബാന നടത്തുന്നവരുണ്ട്. ഹൈന്ദവാചാരങ്ങള്‍ വിശുദ്ധ കുര്‍ബാനയിലേക്ക് കൊണ്ടുവന്ന് ആരതിയുഴിയലും പെണ്‍കുട്ടികളുടെ ഡാന്‍സും നടത്തുന്നവരുമുണ്ട്. ഇതെല്ലാം നാം നമ്മുടെ വിശ്വാസത്തില്‍ മായം കലര്‍ത്തുകയാണ്. പുരോഗമനവാദികളും മതതീവ്രവാദികളും അല്ലെന്ന് കാണിക്കാന്‍ വേണ്ടിയുള്ള പാഴ് ശ്രമങ്ങളാണ്. ഏകരക്ഷകനായ യേശുക്രിസ്തുവിലാണ് നാം വിശ്വസിക്കേണ്ടത്. അവിടുത്തെ മാത്രമാണ് നാം ആരാധിക്കേണ്ടതും. ജീവിതത്തിലെ ഏത് സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും യേശുക്രിസ്തുവില്‍ മുറുകെപിടിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ലെയോ പാപ്പയുടെ ഈ വാക്കുകള്‍ നമുക്ക് ശക്തിപകരട്ടെ.
ബ്ര. തോമസ് സാജ്
മാനേജിങ് എഡിറ്റർ
മരിയൻ പത്രം