ലെബനോന്‍: വിദ്വേഷത്തിനു മേല്‍ സ്‌നേഹമായിരിക്കണം എപ്പോഴും വിജയിക്കണ്ടതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. അപ്പസ്‌തോലികപര്യടനത്തിന്റെ ഭാഗമായി ലെബനോനിലെത്തിയ പാപ്പ, ലെബനന്‍ മാതാവിന്റെ ദേവാലയത്തില്‍ മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അജപാലകര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു. നിഷ്‌ക്കളങ്കമായി ക്ഷമയുടെയും കരുണയുടെയും പുനരുജ്ജീവനശക്തി വിജയിപ്പിക്കുന്നതിന് സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ജീവിതത്തിന് പാപ്പ ആഹ്വാനം ചെയ്തു.
ആയുധങ്ങളുടെ ശബ്ദം ചുറ്റും ഇടിമുഴക്കംപോലെ അനുഭവപ്പെടുകയും ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങള്‍ തന്നെ ഒരു വെല്ലുവിളിയായി മാറുകയും ചെയ്യുമ്പോള്‍ പ്രത്യാശ പ്രകടിപ്പിക്കാനും അത് ജീവിക്കാനും പ്രാര്‍ത്ഥന നമ്മെ ശക്തിപ്പെടുത്തുന്നു. പരസ്പരം പങ്കുവയ്ക്കുന്നത് നമ്മെയെല്ലാം സമ്പന്നരാക്കുകയും ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു. ക്രൈസ്തവരും മുസ്ലീങ്ങളും ലെബനോനില്‍ ഒരുമിച്ചുവസിക്കുന്നതിലുള്ള സന്തോഷവും പാപ്പ പ്രകടിപ്പിച്ചു.