വത്തിക്കാന്‍ സിറ്റി: നിഷ്‌ക്കളങ്കതയും വിശുദ്ധിയും നിറഞ്ഞ ഒരു വ്യക്തിയായിട്ടാണ് പരിശുദ്ധ അമ്മയെ ദൈവം തിരഞ്ഞെടുത്തതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. മറിയത്തിന്റെ അമലോത്ഭവം ദൈവത്തിന്റെ വലിയ ദാനമാണ്. പരിശുദ്ധ അമ്മയുടെ എളിമയാര്‍ന്ന ജീവിതത്തിന് ദൈവം നല്കിയ ഒരു സമ്മാനമാണ് രക്ഷകന്റെ വരവിന് മറിയത്തെ നിമിത്തമാക്കിയത്. പരിശുദ്ധ അമ്മയ്ക്ക് കൃപയുടെ പൂര്‍ണ്ണതയുടെ സമ്മാനം ഫലം പുറപ്പെടുവിക്കാന്‍ കഴിഞ്ഞത് ദൈവപദ്ധതിയെ സ്വീകരിച്ചതുകൊണ്ടു മാത്രമായിരുന്നു. മാതാവിന്റെ ഗര്‍ഭധാരണത്തില്‍ സംഭവിച്ച അത്ഭുതം മാമ്മോദീസായില്‍ നമുക്കായി പുതുക്കപ്പെട്ടു. നമ്മുടെ അനുദിനജീവിതത്തിലെ സാധാരണപ്രവൃത്തികളും നന്ദി,വിനയം, സ്ഥിരോത്സാഹം, പ്രാര്‍ത്ഥന എന്നിവ വഴിയായി യേശു എല്ലായിടത്തും അറിയപ്പെടുവാനും സ്വീകരിക്കപ്പെടുവാനും അപ്രകാരം രക്ഷ സാധ്യമാകാനും ഇടയാകട്ടെ. പാപ്പ പറഞ്ഞു.