കുവൈറ്റ്: കുവൈറ്റിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ ദേവാലയം മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെട്ടു. ജനുവരി 16 ാം തീയതിയാണ് മൈനര്‍ ബസലിക്ക പ്രഖ്യാപനം നടന്നത്. കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ ചടങ്ങുകളില്‍ മുഖ്യകാര്‍മ്മികനായിരുന്നു. കുവൈറ്റിലെ മാത്രമല്ല അറേബ്യന്‍ ഉപദ്വീപിലെ മുഴുവന്‍ ക്രൈസ്തവസമൂഹത്തിന്റെയും ചരിത്രത്തിലെ സുവര്‍ണ്ണനിമിഷമാണ് ബസലിക്ക പ്രഖ്യാപനമെന്നും കുവൈറ്റിനെയും അവിടെയുള്ള എല്ലാവരെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമര്‍പ്പിക്കുന്നുവെന്നും കര്‍ദിനാള്‍ പരോലിന്‍ പറഞ്ഞു.
1948 ലാണ് കുവൈറ്റിലെ അല്‍ അഹമ്മാദിയില്‍ ആദ്യമായി ഒരു ക്രൈസ്തവദേവാലയം ഉയര്‍ന്നത്. ജോലിക്കായി ഇവിടെയെത്തിയ ക്രൈസ്തവസമൂഹമാണ് ദേവാലയനിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കുവൈറ്റിലെ ജനസംഖ്യയില്‍ ഇരുപതു ശതമാനവും ക്രൈസ്തവരാണ്. ബഹ്‌റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍ എന്നിവിടങ്ങളിലും ക്രൈസ്തവപ്രാതിനിധ്യമുണ്ട്.