നാഗ്പൂര്‍: മഹാരാഷ്ട്രയിലെ സെന്റ് ക്ലാരറ്റ് സ്‌കൂളില്‍ നിന്ന് മോഷ്ടാക്കള്‍ തിരുവോസ്തി സൂക്ഷിച്ചിരുന്ന സക്രാരിയും പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് പണവും അപഹരിച്ചു. സ്‌കൂളിലെ പ്രയര്‍ഹാളിലെ സക്രാരിയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. കൂദാശ ചെയ്ത തിരുവോസ്തിയും അപഹരിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. തിരുവോസ്തിയോട് കാണിച്ച അപമാനം കണക്കിലെടുത്ത് സ്‌കൂളില്‍ പ്രായശ്്ചിത്തകര്‍മ്മങ്ങളും പ്രാര്‍ത്ഥനയും നടന്നു.
ജനുവരി 14 നായിരുന്നു ഈ ദു:ഖകരമായ സംഭവം നടന്നതെന്ന് ആര്‍ച്ചുബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസ് പറഞ്ഞു. മുപ്പതിനായിരം രൂപയാണ് മോഷണം പോയത്. പ്രിന്‍സിപ്പലിന്റെ മുറിയിലുണ്ടായിരുന്ന ലാപ്പ്‌ടോപ്പ് മോഷ്ടാക്കള്‍ അപഹരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ മുഖംമറച്ച മനുഷ്യരെ കാണാന്‍ കഴിയുന്നുണ്ട്.
എന്നാല്‍ ഇവര്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ക്ലരീഷ്യന്‍ മിഷനറിമാരാണ് സ്‌കൂള്‍ നടത്തുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.