ഹോംങ്കോഗ്: കത്തോലിക്കാ ആക്ടിവിസ്റ്റ് ജിമ്മി ലായ്ക്ക് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ. ഹോംങ്കോംഗ് ദേശീയ സുരക്ഷാ വിചാരണയിലാണ് അദ്ദേഹത്തിന് ജയില്‍ശിക്ഷ വിധിച്ചിരിക്കുന്നത്. ചൈനയുടെ വ്യാപകമായ സുരക്ഷാ നിയമപ്രകാരം ലായ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. ഡിസംബറിലാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വഞ്ചന, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങളില്‍ അദ്ദേഹം കുറ്റക്കാരനാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
ജനാധിപത്യ അനുകൂല ടാബ്ലോയിഡ് ആപ്പിള്‍ ഡെയ്‌ലിയുടെ പ്രസാധകനായി വര്‍ഷങ്ങളായി അറിയപ്പെട്ടിരുന്ന ലായ്, ചൈനീസ് ദേശീയ സുരക്ഷാ നയം ലംഘിച്ചുവെന്നാരോപിച്ച് 2020 ലാണ് ആദ്യമായി അറസ്റ്റിലായത്.
അതിനുശേഷം സര്‍ക്കാര്‍ നിരവധി തവണ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി, ജാമ്യമില്ലാതെ കസ്റ്റഡിയിലെടുക്കുകയും ദീര്‍ഘകാല ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിട്ടുണ്ട്.
ലായുടെ കത്തോലിക്കാവിശ്വാസമാണ് അദ്ദേഹത്തിന് അപകടം വരുത്തിവച്ചിരിക്കുന്നത്. 1997 ലാണ് അദ്ദേഹം കത്തോലിക്കാവിശ്വാസത്തിലേക്ക കടന്നുവന്നത്. അന്നുമുതല്‍ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കത്തോലിക്കാവിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതമാണ് നയിച്ചുവരുന്നത്. ഇതിനു മുമ്പ് അദ്ദേഹത്തെ ജയിലില്‍ അടച്ചപ്പോഴും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ മെത്രാന്മാര്‍ രംഗത്ത് വന്നിട്ടുണ്ട്.