ആര്‍ച്ചുബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തികളിലൊരാള്‍ ബോണി എന്‍ഗ്‌സ്‌ട്രോം ആയിരിക്കും. കാരണം ബോണിയുടെ മകനുണ്ടായ അദ്ഭുതകരമായ രോഗസൗഖ്യമാണ് ഇന്ന് ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് കാരണമായി മാറിയിരിക്കുന്നത്.
മകന്‍ ജെയിംസിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയിലാണ് ബോണിക്ക് ഷീനിനോടുളള ഭക്തിയുണ്ടായത്. ജനിക്കാന്‍ പോകുന്ന മകന് ഷീന്റെ പേരിടണമെന്ന് അവര്‍ നേരത്തെ തന്നെ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. 2010 സെപ്തംബര്‍ ആറിനാണ് ബോണി ജെയിംസിനെ പ്രസവിച്ചത്. യാതൊരുവിധത്തിലുള്ള സങ്കീര്‍ണതകളുമില്ലാത്ത പ്രസവം. പക്ഷേ ആരും വിചാരിക്കാത്തതാണ് അവിടെ അപ്പോള്‍ സംഭവിച്ചത്. പൊക്കിള്‍കൊടി കുഞ്ഞിന്റെ കഴുത്തില്‍ മുറുകി കുഞ്ഞ് മരിച്ചതുപോലെയായി. ജീവന്റെ യാതൊരു ലക്ഷണവും കുഞ്ഞിനുണ്ടായിരുന്നില്ല. ആ നിമിഷങ്ങളില്‍ അമ്മയെന്ന നിലയില്‍ ബോണി തകര്‍ന്നുപോയിരുന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.
പെട്ടെന്ന് എന്തോ ഒരു ഓര്‍മ്മയില്‍ ഫുള്‍ട്ടന്‍ ഫുള്‍ട്ടന്‍ ഷീന്‍ എന്ന് ബോണി സഹായത്തിനായി ഉറക്കെ കരഞ്ഞു. വീട്ടില്‍ വച്ചായിരുന്നു പ്രസവം. ഈ സാഹചര്യത്തില്‍ വേഗം തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് പള്‍സുണ്ടായിരുന്നില്ല. കുഞ്ഞ് മരിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് ഡോക്ടേഴ്‌സ് വിധിയെഴുതി. ആ സമയം തന്നെ ഹൃദയം മിടിച്ചുതുടങ്ങി. ഡോക്ടേഴ്‌സിനെ അദ്ഭുതപ്പെടുത്തിയ കാര്യമായിരുന്നു അത്..
ഇന്ന് ആ മകന്‍ ജെയിംസ് ഫുള്‍ട്ടന്‍ എന്‍ഗസ്‌ട്രോം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്. പിന്നീടും കുറെയെധികം ആരോഗ്യപ്രശ്‌നങ്ങളിലൂടെ ജെയിംസ് കടന്നുപോയിരുന്നു, പക്ഷേ ഇപ്പോള്‍ യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത വ്യക്തിയാണ് ജെയിംസ്.
ഷീന്റെ നാമകരണനടപടികള്‍ ആരംഭിച്ചത് 2002 ലാണ്. 2012 ല്‍ ധന്യനായി പ്രഖ്യാപിച്ചു. 2014 ല്‍ മെഡിക്കല്‍ ബോര്‍ഡ് ജെയിംസിനുണ്ടായ രോഗസൗഖ്യം അദ്ഭുതമാണെന്ന് സ്ഥിരീകരിച്ചു. 2019 ജൂലൈ അഞ്ചിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ അദ്ഭുതത്തെ അംഗീകരിച്ചു. പി്ന്നീട് ആര്‍ച്ചുബിഷപ് ഷീനെ തിരുശേഷിപ്പുകളെ സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ നാമകരണനടപടികള്‍ പുരോഗമിക്കുന്നതില്‍ വിഘാതമായി. ഇപ്പോള്‍ തടസങ്ങളെല്ലാം മാറി ആര്‍ച്ചുബിഷപ് ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് വത്തിക്കാന്‍ പച്ചക്കൊടി നല്കിയിരിക്കുകയാണ്.