കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി വര്‍ഷത്തിലേക്ക്;എപ്പാര്‍ക്കിയല്‍ അസംബ്ലിയോടെ തുടക്കം

കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി വര്‍ഷത്തിലേക്ക്;
എപ്പാര്‍ക്കിയല്‍ അസംബ്ലിയോടെ തുടക്കം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. 1977-ല്‍ ചങ്ങനാശേരി അതിരൂപതയുടെ കിഴക്കന്‍ മേഖല വിഭജിച്ചാണ് മാര്‍ പോള്‍ ആറാമന്‍ പാപ്പ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിച്ചത്. മാര്‍ ജോസഫ് പവ്വത്തിലായിരുന്നു പ്രഥമ മെത്രാന്‍. തുടര്‍ന്ന് മാര്‍ മാത്യു വട്ടക്കുഴിയും മാര്‍ മാത്യു അറയ്ക്കലും രൂപതയെ നയിച്ചു.

2026 മെയ് 12-നാരംഭിക്കുന്ന ജൂബിലി വര്‍ഷത്തില്‍ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ള കര്‍മ്മപദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ വൈദിക-സന്യസ്ത-അത്മായ പ്രതിനിധികളുള്‍പ്പെടുന്ന വിവിധ സമിതികളിലെ ആലോചനകളെ തുടര്‍ന്നാണ് ജൂബിലിപദ്ധതികളാവിഷ്‌കരിച്ചിരിക്കുന്നത്. മെയ് 12 മുതല്‍ 15 വരെ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടത്തപ്പെടുന്ന രണ്ടാം എപ്പാര്‍ക്കിയല്‍ അസംബ്‌ളിയോടെയാണ് സുവര്‍ണജൂബിലി വര്‍ഷാചരണത്തിന് തുടക്കമാകുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സുവര്‍ണ്ണജൂബിലി, രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കുന്ന ജൂബിലി ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശം നല്കും. മെയ് 12 മുതല്‍ 15 വരെ കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടത്തപ്പെടുന്ന എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ വൈദികര്‍-സന്ന്യസ്തര്‍-അത്മായരുള്‍പ്പെടെ 180 പ്രതിനിധികള്‍ പങ്കെടുക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ അസംബ്ലിയുടെ സമാപനസമ്മേളനത്തില്‍ സന്ദേശം നല്കും. 17-ന് രൂപതയിലെ എല്ലാ ഇടവകളിലും ജൂബിലി പതാക ഉയര്‍ത്തി ഇടവകതല ഉദ്ഘാടനം നിര്‍വഹിക്കപ്പെടുകയും ഇടവകതല ജൂബിലി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യും.

സുവര്‍ണ ജൂബിലി സ്മാരക ഭവന നിര്‍മാണ പദ്ധതി, വാസയോഗ്യ ഭവന പദ്ധതി, ചികിത്സാ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, രൂപതാ ചരിത്ര ക്വിസ്, വിശുദ്ധ ഗ്രന്ഥ പഠന പരമ്പര, കുടുംബക്കൂട്ടായ്മ വാര്‍ഷികങ്ങള്‍, ഇടവക ദിനാഘോഷം, സാമുദായിക-സാംസ്‌കാരിക സംഗമം, സമൂഹിക ശുചിത്വവാരാചരണം, പരിസ്ഥിതി ദിനാചരണം, പൈതൃക പഠനപരമ്പര, ഭവനസന്ദര്‍ശനം തുടങ്ങിയ നിരവധി പദ്ധതികളാണ് ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കുന്നത്.

വിവിധ വിഭാഗങ്ങള്‍ക്കായുള്ള സംഗമങ്ങള്‍ രൂപതയിലെ 13 ഫൊറോനകളുടെ ആതിഥേയത്വത്തില്‍ വൈദിക-സന്ന്യസ്ത അത്മായ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തപ്പെടും. മേയ് 30-ന് കുമളിയില്‍ വിശ്വാസ ജീവിതപരിശീലകരുടെയും ജൂണ്‍ 16-ന് കാഞ്ഞിരപ്പള്ളിയില്‍ പള്ളി ശുശ്രൂഷികളുടെയും സംഗമം നടത്തപ്പെടും. ജൂണ്‍ 20-ന് കാഞ്ഞിരപ്പള്ളിയില്‍ ലോറേഞ്ച് കണക്കന്‍- കൈക്കാര സംഗമവും ജൂണ്‍ 27-ന് കട്ടപ്പനയില്‍ ഹൈറേഞ്ച് കണക്കന്‍- കൈക്കാരന്‍ സംഗമവും നടത്തും. ഓഗസ്റ്റ് 11-ന് പൊടിമറ്റത്ത് മാതൃസംമവും സെപ്റ്റംബര്‍ 12ന് കുട്ടിക്കാനത്ത് മദ്ബഹ ശുശ്രൂഷി സംഗമവും ഒക്ടോബര്‍ മൂന്നിന് ചെങ്കല്ലില്‍ ജീവകാരുണ്യാശ്രമ സംഗവും നടത്തും.

ഒക്ടോബര്‍ 20-ന് എരുമേലിയില്‍ രൂപതാ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സംഗമം. നവംബര്‍ 17-ന് കാഞ്ഞിരപ്പള്ളിയില്‍ എക്യുമെനിക്കല്‍ സംഗമം നടത്തപ്പെടും നവംബര്‍ 24-ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് നവീകരണനേതൃത്വ ശുശ്രൂഷകരുടെ ഒത്തുചേരലും ഡിസംബര്‍ 19-ന് കൂവപ്പള്ളിയില്‍ പ്രവാസി സംഗമവും ഡിസംബര്‍ 26-ന് കട്ടപ്പനയില്‍ യുവജനസംഗമവും സംഘടിപ്പിക്കും. ഡിസംബര്‍ 30ന് കാഞ്ഞിരപ്പള്ളിയില്‍ സാമുദായിക സാംസ്‌കാരിക സംഗമം നടത്തും.

2027 ജനുവരി 26-ന് കാഞ്ഞിരപ്പള്ളിയില്‍ സുവര്‍ണജൂബിലി മഹാസംഗമം. ഫെബ്രുവരി 13-ന് കുട്ടിക്കാനത്ത് വിദ്യാഭ്യാസ പ്രവര്‍ത്തക സംഗമവും മാര്‍ച്ച് 30-ന് കുട്ടിക്കാനത്ത് രൂപതയില്‍ ശുശ്രൂഷ നിര്‍വഹിക്കുന്ന വൈദികരുടെയും മുന്‍പ് ശുശ്രൂഷ ചെയ്തവരുടെയും ഒത്തുചേരല്‍. മെയ് നാല് പൊന്‍കുന്നത്ത് വൈദിക-സന്ന്യസ്ത പ്രേഷിത സംഗമം. മേയ് 12-ന് കാഞ്ഞിരപ്പള്ളില്‍ നടത്തപ്പെടുന്ന ജൂബിലി സംഗമത്തോടെ രൂപതാ സുവര്‍ണജൂബിലി വര്‍ഷാചരണം പൂര്‍ത്തിയാകും.

പത്രസമ്മേളനത്തില്‍ സുവര്‍ണ ജൂബിലി വര്‍ഷാചരണത്തിന്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാള്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനോ പെരുന്തോട്ടം, പാസ്റ്ററല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി അഡ്വ. ഷാന്‍സിമോള്‍ ഫിലിപ്പ് കുന്നുംപുറത്ത്, രൂപത പി ആര്‍ ഒ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍
PRO
Mob: 9496033110

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates