വത്തിക്കാന്‍സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വെടിയേറ്റുവീണ സ്ഥലത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ഫാത്തിമാ മാതാവിന്റെ തിരുനാള്‍ദിനമായ മെയ് പതിമൂന്നാം തീയതിയാണ് പൊതുകൂടിക്കാഴ്ചയ്‌ക്കെത്തിയ ലെയോ പാപ്പ , ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ വെടിയേറ്റസ്ഥലത്തെത്തി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചത്.
1981 മെയ് 13 നായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്‌ക്കെതിരെ അലിഅഗ്ക വെടിയുതിര്‍ത്തത്. അന്ന് പൊതുകൂടിക്കാഴ്ചയ്ക്ക് വരികയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ശസ്ത്രക്രിയയെ തുടര്‍ന്ന് അപകടഘട്ടം തരണം ചെയ്യുകയും ചെയ്തു.
ഫാത്തിമാതാവിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന ഈ അപകടത്തില്‍ നിന്ന് തന്നെ രക്ഷിച്ചത് ഫാത്തിമാമാതാവാണെന്ന് ഉറച്ചുവിശ്വസിച്ച ജോണ്‍ പോള്‍ പാപ്പ, പിന്നീട് ഫാത്തിമായില്‍ തീര്‍ത്ഥാടനം നടത്തുകയും മാതാവിന്റെ കിരീടത്തില്‍ തന്റെ ശരീരത്തിലേറ്റ വെടിയുണ്ട സമര്‍പ്പിക്കുകയും ചെയ്തു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെതിരെ അക്രമം നടന്ന സ്ഥലത്ത് മാര്‍ബിള്‍ ഫലകം സ്ഥാപിച്ച പ്രത്യേകമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ സ്ഥലത്താണ് ലെയോ പതിനാലാമന്‍പാപ്പ ഇത്തവണത്തെ ഫാത്തിമാമാതാവിന്റെ തിരുനാള്‍ദിനത്തില്‍ മുന്‍ഗാമിയെ അനുസ്മരിച്ചു മുട്ടുകുത്തിപ്രാര്‍ത്ഥിച്ചത്.
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി എല്ലാവരും മറിയത്തിന്റെ വിമലഹൃദയത്തോട് പ്രാര്‍ത്ഥിക്കണമെന്നും ലെയോ പാപ്പ അഭ്യര്‍ത്ഥിച്ചു.