അത്ഭുതസാക്ഷ്യങ്ങളുടെ മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിങ്ങാം തീർത്ഥാടനം ജൂലൈ 18 ന്; തിരുക്കർമ്മങ്ങൾക്ക് സമയക്രമമായി.
അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ഭക്ത്യാഘോഷമായി നടത്തപ്പെടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും തിരുന്നാളും ജൂലൈ 18 ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. തീർത്ഥാടന ശുശ്രുഷകളുടെയും തിരുക്കർമ്മങ്ങളുടെയും സമയക്രമം പ്രസിദ്ധീകരിച്ചു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്ത് രെജിസ്റ്റർ ചെയ്യാവുന്നതാണ്.
ജൂലൈ 18 ന് ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് സപ്രാ പ്രാർത്ഥനയോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ പ്രഭാഷണം നൽകും. (10:15 ). പതിനൊന്നു മണിക്ക് തിരുന്നാൾ കൊടിയേറ്റ്.തുടർന്ന് 12:30 ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ശേഷം ഒന്നേമുക്കാലിന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് പത്താം തവണയാണ് തീർത്ഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാത്സിങ്ങാം തീർത്ഥാടനം ശ്രദ്ധിക്കപ്പെടുന്നത്. ഈ വർഷം വാത്സിങ്ങാം തീർത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാർ വിശ്വാസസമൂഹമാണ്. വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നിൽക്കണ്ടു കൊണ്ട് തീർത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു എത്തുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.
ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഭാഷണം – റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്)
11:00 – കൊടിയേറ്റ്
12:00 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 – ആഘോഷമായ പരിശുദ്ധ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 – നന്ദി പ്രകാശനം
തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL











