കാഞ്ഞിരപ്പള്ളി: സുവിശേഷ വത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കാറ്റക്കേസിസ് അംഗമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെ മാര്‍ ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു.
മാര്‍ പോള്‍ ആറാമന്‍ പാപ്പയാണ് വിശ്വാസ ജീവിത പരിശീലനത്തിനായുള്ള ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കാറ്റക്കേസിസ് 1973-ല്‍ സ്ഥാപിച്ചത്. വൈദികര്‍ക്കായുള്ള കാര്യാലയത്തിന്റെ ഭാഗമായിരുന്ന പ്രസ്തുത കൗണ്‍സില്‍ 2013-ല്‍ മാര്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ഭാഗമായി പുതുക്കി നിശ്ചയിച്ചു. എല്ലാ വിഭാഗത്തിലുമുള്ളവിശ്വാസികളുടെ വിശ്വാസ ജീവിത പരിശീലനം പ്രോത്സാഹിപ്പിക്കുക, സഭയുടെ വിശ്വാസ പാരമ്പര്യത്തിനനുസൃതമായി വിശ്വാസ ജീവിത പരിശീലനം നല്‍കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പുറപ്പെടുവിക്കുക, സഭയുടെ പ്രബോധനാധികാരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി വിശ്വാസ ജീവിത പരിശീലനത്തിന്റെ രീതികളും ലക്ഷ്യങ്ങളും ശരിയായി നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, വിശ്വാസതിരുസംഘത്തിന്റെ അനുവാദത്തോടെ മതബോധന ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള കാറ്റിക്കറ്റിക്കല്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് അംഗീകാരം നല്‍കുക, ദേശീയ – പ്രാദേശിക മെത്രാന്‍ സമിതികളുടെ അന്താരാഷ്ട്ര മതബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുകയും അവ തമ്മില്‍ ഏകോപനം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ ചുമതലകളാണ് കൗണ്‍സില്‍ നിര്‍വഹിക്കുന്നത്.
ഇഞ്ചിയാനി ഇടവകാംഗമായ മാര്‍ ജോസ് പുളിക്കല്‍ പൊടിമറ്റം മേരി മാതാ മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലും വൈദികപരിശീലനം പൂര്‍ത്തിയാക്കി 1991 ജനുവരി 1-ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു. ബെംഗളൂരുവിലെ ധര്‍മ്മാരം ദൈവശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയ അദ്ദേഹം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി, വെട്ടുകാട് സ്‌നേഹാശ്രമം ഡയറക്ടര്‍, കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന കേന്ദ്രമായ സുവാറയുടെ ഡയറക്ടര്‍, പത്തനംതിട്ട ഫൊറോന വികാരി, രൂപത ഉപദേശക സമിതി അംഗം, വികാരി ജനറാള്‍ എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ചു. 2016 ഫെബ്രുവരി 4-ന് മെത്രാനായി അഭിഷിക്തനായ മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനും ലാരെസ് രൂപതയുടെ സ്ഥാനീയ മെത്രാനുമായി ചുമതലയേറ്റു. 2020 ഫെബ്രുവരി 3-ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി ഔദ്യോഗികമായി ചുമതലയേറ്റു.
സീറോ മലബാര്‍ കാറ്റക്കേറ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, കേരള കത്തോലിക്ക മെത്രാന്‍ സമിതി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി സിനഡല്‍ കമ്മീഷനംഗം, സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ അംഗം, സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷനംഗം തുടങ്ങിയ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലനം കേന്ദ്രം ഡയറക്ടറായിരിക്കുന്ന കാലയളവില്‍ കാലികവും നൂതനവുമായ വിശ്വാസ ജീവിത പരിശീലന പദ്ധതികള്‍ നടപ്പാക്കുകയും പ്രസ്തുത പരിശീലന പദ്ധതികളെ വിവിധ രൂപതകള്‍ മാതൃകയാക്കുകയും ചെയ്തിരുന്നു. പരസ്പരം ശ്രവിച്ചുകൊണ്ട് ദൈവസ്വരം ശ്രവിക്കുന്ന സിനഡാത്മ അജപാലന ശൈലി പിന്തുടരുന്ന മാര്‍ ജോസ് പുളിക്കല്‍ സീറോ മലബാര്‍ സഭയുടെ ആരാധ ക്രമം, ആദ്ധ്യാത്മിത എന്നിവയോട് വിശ്വസ്തമായി വിശ്വാസി സമൂഹത്തെ വളര്‍ത്തുന്നതിന് പ്രബോധനങ്ങളിലൂടെയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ അജപാലന പദ്ധതി എകോപനത്തിലൂടെയും ശ്രദ്ധിക്കുന്നു. കാലിക സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടറിയിക്കുകയും സാമൂഹ്യ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന മാര്‍ ജോസ് പുളിക്കല്‍ തന്റെ ഭവനം പാര്‍ശ്വവത്കരിക്കപ്പെട്ട കുട്ടികള്‍ക്കായി ‘സ്‌നേഹ ദീപം’ എന്ന പേരില്‍ നല്കിയിരുന്നു.
2026 ഫെബ്രുവരിയില്‍ മനിലയില്‍ സംഘടിപ്പിച്ച ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ വിശ്വാസ ജീവിതപരിശീലന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ സമ്മേളനത്തില്‍ മാര്‍ ജോസ് പുളിക്കല്‍ പങ്കെടുക്കുകയും സീറോമലബാര്‍ സഭയുടെ വിശ്വാസ ജീവിതപരിശീലന പ്രവര്‍ത്തനങ്ങളും വിശ്വാസ ജീവിതപരിശീലന രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും അവതരിപ്പിക്കുകയും ചെയ്തിരുന്നു. വിശ്വാസപരിശീലന രംഗത്തെ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്റെ മികവുറ്റ നേതൃത്വത്തിനും സംഭാവനകള്‍ക്കും ലഭിച്ച അന്തര്‍ദേശീയ അംഗീകാരമാണ് ഈ നിയമനം. സാര്‍വത്രികസഭയുടെ വിശ്വാസജീവിത പരിശീലന ദൗത്യത്തില്‍ സീറോമലബാര്‍സഭയുടെ വിശ്വാസപരിശീലന പാരമ്പര്യം കൂടുതല്‍ ഫലപ്രദമായി പങ്കുവയ്ക്കുന്നതിനുള്ള അവസരമാണ് ഈ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നത്.
Fr Stanly Pullolickal
PRO
Mob: 9596033110