പ്രവിത്താനം: പാലാ രൂപതയിലെ പ്രവിത്താനം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന ദേവാലയത്തില്‍ തിരുവോസ്തി വിതരണം ചെയ്യുന്നതിനിടയില്‍ തിരുവോസ്തിയുമായി കടന്നുകളയാന്‍ ശ്രമം. വൈദികന്റെ വിവേകപൂര്‍വ്വമായ ഇടപെടല്‍ മൂലം തിരുവോസ്തി തിരിച്ചെടുക്കുകയും ചെറുപ്പക്കാരനെയും സംഘത്തെയും പിടികൂടുകയും ചെയ്തു. ഞായറാഴ്ച മൂന്നാമത്തെ വിശുദ്ധകുര്ബാനയ്ക്കിടയിലാണ് ഈ ദു:ഖകരമായ സംഭവം നടന്നത്.
തിരുവോസ്തി വിശ്വാസികള്‍ക്ക് വിതരണം ചെയ്തുവരുമ്പോള്‍ ഒരു ചെറുപ്പക്കാരന് കൈയില്‍ സ്വീകരിച്ച തിരുവോസ്തിയുമായി കടന്നുകളയാന്‍ ശ്രമിക്കുമ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ച് വൈദികന് ആ ചെറുപ്പക്കാരന്റെ കൈയില്‍ നിന്ന് തിരുവോസ്തി തിരിച്ചെടുക്കുകയും പിന്നീട് വിശ്വാസികള്‍ ചെറുപ്പക്കാരനെ പിടികൂടുകയുമായിരുന്നു. പ്രവിത്താനം ഫൊറോന ദേവാലയത്തിലെ സഹവികാരിയായ ഫാ. ഡാന്‍ കടുപ്പിന്റെ ഇടപെടലാണ് വിശുദ്ധകുര്‍ബാന അപമാനിക്കാനുള്ള ശ്രമം തകര്‍ത്തത്.
ചെറുപ്പക്കാരന്റെ കൂടെ വേറെയും ചിലരുണ്ടായിരുന്നുവെന്നും എല്ലാവരും ഒരു പ്രമുഖ ജൂവല്ലറിയുടെ പരസ്യവാഹനത്തിലാണ് വന്നതെന്നും അന്യസമുദായാംഗങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും പറയപ്പെടുന്നു. ചെറുപ്പക്കാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സാത്താന് ആരാധകരുമായുള്ള ബന്ധമുള്ളവരാണ് ഇവരെന്ന് കരുതുന്നു.
പാലാ രൂപതയിലെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന ദേവാലയം.ഫാ. ജോര്‍ജ വേളൂപ്പറമ്പിലാണ് വികാരി.