വത്തിക്കാന്‍ സിറ്റി: സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും യുദ്ധവും പരിസ്ഥിതിനാശവും മനുഷ്യഹൃദയത്തിലെ അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണെന്നും ലെയോ പതിനാലാമന്‍ പാപ്പ. ആഗോള കത്തോലിക്കാസഭ സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോളപ്രാര്‍ത്ഥനാദിനം ആചരിക്കുന്നവേളയില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യുദ്ധം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുത്തുന്നതിന് പുറമെ കുടുംബങ്ങളെ തകര്‍ക്കുന്നു, ദശലക്ഷക്കണക്കിന് ആളുകളെ പലായനത്തിന് നിര്‍ബന്ധിതരാക്കുന്നു. യുദ്ധം പരിസ്ഥിതിക്കും ഗുരുതരമായ നാശമുണ്ടാക്കുന്നു. പാപ്പ സന്ദേശത്തില്‍ പറഞ്ഞു. സെപ്തംബര്‍ ഒന്നിനാണ് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോളപ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. യുദ്ധംമൂലമുള്ള മുറിവുകള്‍ സുഖപ്പെടുത്തുകയും എല്ലാവരും ദൈവത്തിലേക്ക് തിരിയുകയും ചെയ്യണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. 2015 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇങ്ങനെയൊരു ദിനാചരണത്തിന് സഭയില്‍ തുടക്കം കുറിച്ചത്. എല്ലാ സൃഷ്ടികളുടെയും സംരക്ഷണത്തിനുവേണ്ടി ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു ദിനാചരണത്തിന് രൂപം നല്കാന്‍ പാപ്പയെ പ്രേരിപ്പിച്ചത്.