വാഷിംങ്ടണ്‍: ദൈവം എന്നോട് എന്താണോ പറയുന്നതു അതുമാത്രമേ ഞാന്‍ ചെയ്യൂ എന്ന് അമേരിക്കയുടെ വൈസ്പ്രസിഡന്റ് ജെഡി വാന്‍സ്. 2028ലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള മത്സരത്തില്‍ മുന്‍നിരയിലുള്ള ഒരാളായി വ്യാപകമായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് വാന്‍സ്. റെയ്മണ്ട് അറോയോയുടെ ‘അറോയോ ഗ്രാന്‍ഡെ’ എന്ന പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.2026ലെ ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോരാട്ടങ്ങള്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ കാര്യമായി ചിന്തിക്കുന്നില്ലെന്നും ഇനി അങ്ങനെയൊരു സാഹചര്യംവന്നാല്‍ അത് ദൈവത്തിന്റെ ശബ്ദത്തിന് കാതോര്‍ത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2028ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോഎന്ന ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ക്ക് ചെറിയ നാല് കുട്ടികളുണ്ടെന്നും ‘അതൊരു പ്രധാന ഘടകമാണെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിയുന്നത്ര മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ദൈവം തന്നെ വിളിക്കുന്നുണ്ടെന്ന് തനിക്ക് തോന്നുന്നു വെന്നും അദ്ദേഹം അറിയിച്ചു.