വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതത്തിലെ ആന്തരികസംഘര്‍ഷങ്ങളും ആത്മീയസംഘര്‍ഷങ്ങളും വ്യക്തമാക്കുന്നതും അദ്ദേഹം സ്വകാര്യമായി രേഖപ്പെടുത്തിയിരുന്നതുമായ ഡയറി വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. The private diary of pope francis എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1992 ഡിസംബര്‍ 20 മുതല്‍ 2024 ഓഗസ്റ്റ് 18 വരെയുള്ള കാലയളവിലെ സംഭവങ്ങളാണ് ഡയറിയിലുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത സഹകാരിയും ഡിക്കാസ്റ്ററി ഫോര്‍ ദ ഡോക്്ട്രീന്‍ ഓഫ് ദ ഫെയ്ത്ത് പ്രിഫെക്ടുമായ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസിന്റെ കമന്ററിയും പുസ്തകത്തിലുണ്ട്.
2021 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെയുള്ള രണ്ട് വര്‍ഷക്കാലം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയി എന്നതാണ് ഈ പുസ്തകത്തിലെ പ്രധാന വെളിപ്പെടുത്തല്‍. ഈ കാലയളവില്‍ ആരോഗ്യനില വഷളാവുകയും, ‘അദ്ദേഹത്തെ പീഡിപ്പിച്ച തിന്മയുടെ ശക്തികളില്‍ നിന്നുള്ള നിര്‍ണായകമായ ആക്രമണങ്ങള്‍’ നേരിടുകയും ചെയ്തുവെന്ന് കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് എഴുതുന്നു. ‘പിന്മാറ്റവും ലൗകികതയും’ എന്ന് അദ്ദേഹം വിശേഷിപ്പിച്ച ‘മറ്റൊരു പാത’യെയാണ് ഈ ആക്രമണങ്ങള്‍ അടയാളപ്പെടുത്തുന്നത്.
ഈ ആത്മീയ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിന്റെ തുടക്കത്തില്‍, ‘ചിലിയിലെ സാഹചര്യവും വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായുള്ള സംഭാഷണവും കാരണം താന്‍ തകര്‍ന്നുപോയി’ എന്ന് ഫ്രാന്‍സിസ് എഴുതിയിട്ടുണ്ട്. ചിലിയന്‍ വൈദികനായ ഫെര്‍ണാണ്ടോ കരാഡിമ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ മറച്ചുവെക്കാന്‍ കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെടുന്ന ബിഷപ്പ് ജുവാന്‍ ബാരോസിനെ ന്യായീകരിച്ചതിനെത്തുടര്‍ന്നുണ്ടായ രൂക്ഷമായ വിമര്‍ശനങ്ങളെയും, സഭയിലെ ലൈംഗികാതിക്രമ പ്രതിസന്ധിയെയുമാണ് അദ്ദേഹം ഇവിടെ പരാമര്‍ശിക്കുന്നത്.
2018 ജൂണിലെ ഒരു കുറിപ്പില്‍, ‘നരകത്തിലേക്കുള്ള പ്രവേശന കവാടം’ താന്‍ ദര്‍ശനത്തിലൂടെ കണ്ടതായി ഫ്രാന്‍സിസ് മാര്‍പാപ്പ വിവരിക്കുന്നുണ്ട്. ‘അക്രൈസ്തവമായ പ്രലോഭനങ്ങള്‍ അതിന്റെ പൂര്‍ണ്ണ ശക്തിയോടെ നിലനില്‍ക്കുന്നു,’ പാപ്പ എഴുതി. ‘ഞാന്‍ അല്പമൊന്നു എത്തിനോക്കി; അത് എന്നെ ഭയപ്പെടുത്തി. ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. ഞാന്‍ ആയുധമെന്ന നിലയില്‍ ജപമാല കൈയിലെടുത്തു. ഈ സഹായത്തിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. പ്രാര്‍ത്ഥനയിലൂടെ മാത്രമേ നമ്മെ രക്ഷിക്കാന്‍ ദൈവത്തിന് ഇടമൊരുങ്ങുകയുള്ളൂ. വളരെ സ്വാഭാവികമായ ഒരു കാര്യം പോലെ ഒരാള്‍ക്ക് നരകത്തിലേക്ക് വഴുതി വീഴാന്‍ സാധിക്കും. ജീവിതത്തില്‍ ഇത്തരമൊരു അനുഭവം എനിക്കുണ്ടാകുന്നത് ഇതാദ്യമല്ല, എന്നാല്‍ ഇത്തവണ അതിന്റെ തീവ്രത അതിഭയങ്കരമായിരുന്നു. പാപ്പ കുറിക്കുന്നു.