കൊളംബോ: ശ്രീലങ്കയിലെ ചരിത്രപ്രധാനമായ ഔര്‍ ലേഡി ഓഫ് മധു ദേവാലയവും അനുബന്ധ സ്ഥലങ്ങളും സേക്രട്ട് ഏരിയ ആയിട്ടുള്ള പ്രഖ്യാപനം നടന്നു.ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന, മാന്നാര്‍ ബിഷപ് ഫിദെലിസ് ലയോണല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഔര്‍ ലേഡി ഓഫ് മധു കത്തോലിക്കരെ മാത്രമല്ല ഹൈന്ദവരെയും ബുദ്ധമതക്കാരെയും സംബന്ധിച്ചും വിശുദ്ധമായ സ്ഥലമാണ്. നാനൂറ് വര്‍ഷം പഴക്കമുള്ള ദേവാലയത്തിലെ തിരുനാള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്തിച്ചേരാറുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രസിഡന്റ് സിരിസേന ദേവാലയം സന്ദര്‍ശിച്ചിരുന്നു. അന്ന് ദേവാലയത്തിന്റെ അനുബന്ധ പ്രദേശങ്ങള്‍ സേക്രട്ട് ഏരിയ ആയി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. റോഡ്, വാഹനം, വെള്ളം, അടിസ്ഥാനാവശ്യങ്ങള്‍, തീര്‍തഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള താമസസൗകര്യം എന്നിവയെല്ലാം ക്രമീകരിക്കുമെന്നും വാക്കു നല്കിയിരുന്നു. ഓഗസ്റ്റില്‍ ക്യാബിനറ്റ് സിരിസേനയുടെ തീരുമാനത്തെ അനുകൂലിച്ചിരുന്നു.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഔര്‍ ലേഡി ഓഫ് മധുവിനെ സേക്രട്ട് ഏരിയാ ആയിട്ടുള്ള പ്രഖ്യാപനം നടത്തിയത്. 300 ഏക്കര്‍ സ്ഥലമാണ് ഇതിലേക്കായി നല്കിയിരിക്കുന്നത്.