തൃശൂര്‍: സ്‌കൂള്‍ കോളജ് കാമ്പസുകളില്‍ വിദ്യാര്ത്ഥി രാഷ്ട്രീയം തിരിച്ചുകൊണ്ടുവരാനുള്ള സംസഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഇടപെടണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭ്യര്‍ത്ഥിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയാണ് മാര്‍ താഴത്ത്.
ഒക്ടോബര്‍ മുപ്പതിന് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം വിദ്യാര്‍ത്ഥികളുടെ പഠനവും ഭാവിയും അവതാളത്തിലാക്കുമെന്നു അഭിപ്രായപ്പെട്ട മാര്‍ താഴത്ത് കലാലയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ളതാണെന്നും രാഷ്ട്രീയ പാര്‍ട്ടികളെ വളര്‍ത്താനുള്ളതല്ലെന്നുമുള്ള കോടതിയുടെ നിരീക്ഷണവും എടുത്തുകാട്ടി.
രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ വിദേശത്തും ഇതരസംസ്ഥാനങ്ങളിലും സമരകോലാഹലങ്ങളില്ലാതെ കാമ്പസുകളില്‍ പഠനം സുരക്ഷിതമാക്കുമ്പോള്‍ കേരളത്തിലെ കോളജുകളില്‍ പഠിക്കുന്ന സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുടുംബങ്ങളിലെ മക്കളുടെ ഭാവിയും പഠനവും അവതാളത്തിലാക്കാനേ പുതിയ നിയമം സഹായിക്കൂ എന്നും മാര്‍ താഴത്ത് പറഞ്ഞു.