നോര്‍ത്താപ്ടണ്‍: നോര്‍ത്താപ്ടണ്‍ രൂപതയില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫാ. വില്‍സണ്‍ കോട്ടത്തില്‍ നിര്യാതനായി. ഹാര്‍ട്ട് അറ്റാക്കാണ് മരണകാരണം. കുര്‍ബാന അര്‍പ്പിക്കാന്‍ നേരം വൈകിയിട്ടും കാണാതെ വന്നപ്പോള്‍ അന്വേഷിച്ചു ചെന്ന വിശ്വാസികള്‍ കണ്ടത് മരിച്ചുകിടക്കുന്ന അച്ചനെയായിരുന്നു.
എംഎസ്എഫ്എസ് സന്യാസസഭാംഗമായ അദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സെന്റ് ഫൗസ്റ്റീന മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയില്‍ 1968 ഏപ്രില്‍ 11 ന് ആയിരുന്നു ജനനം.
കുറെ നാളായി അദ്ദേഹം ചില രോഗങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം ഏറെ വേദനയുളവാക്കിയെന്ന് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനിലെ ഫാ. ആന്റണി ചുണ്ടെലിക്കാട്ട് അനുശോചനസന്ദേശത്തില്‍ അറിയിച്ചു.
മരിയന്‍ പത്രത്തോടും മരിയന്‍ മിനിസ്ട്രിയോടും സ്നേഹമുണ്ടായിരുന്ന പ്രിയപ്പെട്ട വില്‍സണ്‍ അച്ചന്‍റെ മരണത്തില്‍ മരിയന്‍ മിനിസ്ട്രിയും ദുഖിക്കുന്നു, അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.