കൊച്ചി: ജനുവരി 19 ഞായറാഴ്ച സംസ്ഥാനത്തെ ആയിരത്തിമുന്നൂറോളം വിദ്യാലയങ്ങളില്‍ 6,7,8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന ഗണിതോത്സവം പരിപാടിയുമായി സഹകരിക്കില്ലെന്ന് കെസിബി വിദ്യാഭ്യാസ കമ്മീഷനും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡും. ഞായറാഴ്ചയിലെ ഗണിതോത്സവ പരിപാടികള്‍ക്ക് ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിട്ടുനല്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഡിസംബര്‍ 22 ഞായറാഴ്ചയാണ് ഗണിതോത്സവം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് അത് മാറ്റിവച്ചിരുന്നു. ഞായറാഴ്ചകള്‍ അപ്രഖ്യാപിത പ്രവൃത്തിദിനങ്ങളാക്കി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നത് അടുത്തയിടെയായി വര്‍ദ്ധിച്ചുവരുന്ന പ്രവണതയാണ്.
ദേശീയ മെരിറ്റ് കം മീന്‍സ് പരീക്ഷകള്‍, സംസ്ഥാന പ്രവൃത്തിപരിചയ കായിക കലാമേളകള്‍, ഐറ്റി അറ്റ് സ്‌കൂള്‍ പരിശീലനങ്ങള്‍ തുടങ്ങിയവ ഞായറാഴ്ചകളിലാണ് സംഘടിപ്പി്ക്കുന്നത്. ക്രൈസ്തവവിശ്വാസികളെസംബന്ധിച്ചിടത്തോളം ഞായറാഴ്ചകള്‍ മതപഠനക്ലാസുകള്‍ക്കും ആരാധനകള്‍ക്കും വേണ്ടി നീക്കിവച്ചിട്ടുള്ള ദിവസങ്ങളാണ്.
ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്കിയിരുന്നുവെങ്കിലും ഞായര്‍ പരിശീലനപരിപാടികളുമായി മുന്നോട്ടുപോകുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.