നിത്യജീവിതത്തിലും വ്യക്തിജീവിതത്തിലും മാത്രമല്ല ആത്മീയജീവിതത്തിലും പ്രാര്‍ത്ഥനാജീവിതത്തിലുമെല്ലാം സത്യസന്ധത അനിവാര്യമായ ഒരു ഘടകമാണ്. സത്യസന്ധതയുണ്ടാകുന്നത് നാം എന്താണ് എന്ന് സ്വയം തിരിച്ചറിയുകയും അത് സമ്മതിക്കുകയും ചെയ്യുമ്പോഴാണ്. തുറവിയോടെ പെരുമാറാന്‍ കഴിയുമ്പോഴാണ്. കാപട്യങ്ങളില്‍ നിന്ന് പുറത്തുകടക്കുമ്പോഴാണ്.
നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു കാര്യം ദൈവത്തോട് തുറന്നു സമ്മതിക്കണം. നമുക്ക് എത്രത്തോളം ദൈവത്തെ ആവശ്യമുണ്ടെന്നും നാം എത്രത്തോളം ബലഹീനരാണെന്നും. നാം നമ്മെ പൊതിഞ്ഞുപിടിച്ച് പ്രാര്‍ത്ഥിക്കരുത്.
നാം ദുര്‍ബലരും ബലഹീനരും ആസക്തികളാല്‍ കലുഷിതരും അസൂയയുള്ളവരും ഭോഗാസക്തരും മദ്യപാനാസക്തിയുള്ളവരും ദ്രവ്യാസക്തിയുള്ളവരുമൊക്കെയായിരിക്കും. അത് കുറവാണെന്ന് അംഗീകരിക്കാനും ഞാന്‍ പാപിയാണെന്നു തുറന്നുപറയാനും നമുക്ക് കഴിയണം.
ഫ്രാന്‍സിസ് സാലസിനെപോലെയുള്ള വിശുദ്ധര്‍ തുറവിയുള്ള പ്രാര്‍ത്ഥനയ്ക്ക് ഏറെ പ്രാധാന്യം നല്കിയിരുന്നു. അതുകൊണ്ട് അദ്ദേഹം പറയുന്നത് നമ്മുടെ എല്ലാ ബലഹീനതകളോടും കൂടി ഏറ്റവും സുതാര്യതയോടെ ദൈവത്തോട് പ്രാര്‍ത്ഥിക്കാനാണ്.
ദൈവമേ ഇതാണ് ഞാന്‍..ഞാന്‍ ഇത്രയുമേയുള്ളു പിതാവേ. എന്റെ എല്ലാ കുറവുകളും പാപങ്ങളും നീ അറിയുന്നു. നിന്റെ കൃപയില്‍ ഞാന്‍ ആശ്രയിക്കുന്നു. നീ ദാനമായി നല്കിയതാണ് എല്ലാം എന്ന് ഞാന്‍ ഏറ്റുപറയുന്നു. പാപങ്ങളല്ലാതെ ഞാന്‍ സ്വന്തമായി ഒന്നും നേടിയിട്ടില്ല. ആകയാല്‍ എന്റെ ബലഹീനമായ ജീവിതത്തില്‍ അവിടുത്തെ ശക്തിയും പ്രാഭവവും പ്രകടമാക്കണമേ.
എന്റെ എല്ലാ കുറവുകളിലും അവിടുന്ന് എന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ് എന്റെ ജീവിതത്തെ അങ്ങയോടുള്ള തീര്‍ത്താല്‍ തീരാത്ത നന്ദിയാക്കി മാറ്റുന്നു.
ഇങ്ങനെ നമുക്ക് വൈത്തോട് പ്രാര്‍ത്ഥിക്കാം.