ലാഹോര്‍: വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട പാക്കിസ്ഥാനിലെ ക്രൈസ്തവ വനിത ആസിയാബി അടുത്തയിടെ നല്കിയ ഒരു അഭിമുഖത്തില്‍ തന്റെ ആത്മകഥയെ നിഷേധിച്ചും ദൈവനിന്ദാനിയമത്തെ അനുകൂലിച്ചും സംസാരിച്ചത് കത്തോലിക്കാ വിശ്വാസികള്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും ഇടയില്‍ അമ്പരപ്പും നടുക്കവും സൃഷ്ടിച്ചിരിക്കുകയാണ്.
വോയ്‌സ് ഓഫ് അമേരിക്കയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആസിയാബി വിവാദപരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. തന്റെ ആത്മകഥയെ നിഷേധിച്ചുകൊണ്ടാണ് അവര്‍ അതില്‍ സംസാരിക്കുന്നത്. ആനി ഇസബെല്ല എന്ന ഫ്രഞ്ച് എഴുത്തുകാരി എഴുതിയ ആത്മകഥയെക്കുറിച്ച് ആസിയാബി പറയുന്നത് ഇങ്ങനെയാണ്.
അതിന്റെ എഴുത്തില്‍ എനിക്ക് പങ്കില്ല, എപ്പോഴാണ് അവരെഴുതിയതെന്നോ ആരുടെ കഥയാണ് അതെന്നോ ആരാണ് അതില്‍ അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയതെന്നോ എനിക്കറിയില്ല. ഇതെന്റെ ആത്മകഥയാണെന്ന് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.
ഫൈനലി ഫ്രീ എന്ന ആസിയാബിയുടെ ആത്മകഥ എഴുതിയ ആനി ഇസബെല്ല അവരുടെ മോചനത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.
ദൈവനിന്ദാനിയമമാണ് എന്റെ ജീവന് വിലപറഞ്ഞതെന്നാണ് ബുക്കില്‍ പറയുന്നത്. നിയമം അങ്ങനെ ചെയ്തിട്ടില്ല. ഗ്രാമത്തിലെ ചില ആളുകള്‍ അകാരണമായി എന്നെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ആനി അതിന് നിയമത്തെയാണ് കുറ്റപ്പെടുത്തുന്നത. എന്റെ രാജ്യത്തിലെ ഒരു നിയമത്തെ വിമര്‍ശിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കുകയില്ല. എന്റെ രാജ്യം എന്നെ സ്വതന്ത്രയാക്കി. നല്ല ആളുകളും ചീത്ത ആളുകളും എവിടെയും കാണും. ജഡ്ജിമാര്‍ നിരപരാധികളാണ്. ആളുകള്‍ എന്നെ കുറ്റപ്പെടുത്തിയേക്കാം. ആളുകള്‍ക്ക് സത്യം പറയാന്‍ ഒരു അവസരം കിട്ടണം. നിയമം നല്ലതാണ്. ആളുകള്‍ അത് ദുരുപയോഗിക്കുന്നുവെന്നേയുള്ളൂ. ദൈവം അനുവദിക്കുകയാണെങ്കില്‍ ഞാന്‍ വീണ്ടും എന്റെ രാജ്യത്തിലേക്ക് പോകും.. ഇങ്ങനെ പോകുന്നു ആസിയാബിയുടെ വാക്കുകള്‍.
ഈ വാക്കുകള്‍ അവരുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും നടുക്കിക്കളഞ്ഞിരിക്കുകയാണ്.
ദൈവനിന്ദാനിയമത്തിന് എതിരെ ശബ്ദിക്കാന്‍ ആസിയാബി ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരെ അതില്‍ നിന്ന് ആരോ വിലക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ പ്രതികരണം. ലാഹോര്‍ മുന്‍ ആര്‍ച്ച് ബിഷപ് ലോറന്‍സ് സല്‍ദാന പ്രതികരിച്ചത് അങ്ങനെയാണ്.
അഭിമുഖം ആസൂത്രിതമാണ്. സഭാനേതാക്കന്മാരെയും രക്തസാക്ഷികളെയും മുറിപ്പെടുത്തുകയാണ് ആസിയാബി ചെയ്തിരിക്കുന്നത്.തന്റെ കുടുംബം നശിപ്പിച്ചിരിക്കുന്നത് ആരാണെന്ന് അവര്‍ മറന്നുപോയിരിക്കുന്നു. സുവിശേഷപ്രഘോഷകനായ ജസറ്റിന്‍ ഭാട്ടിയ പറയുന്നു.