മെഡ്ജിഗോറി: മെഡ്ജിഗോറിയായിലെ വിഷനറിമാരുടെ മുന്‍ ആത്മീയഗുരുവിനെ വിശ്വാസതിരുസംഘം വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി. ഇന്നലെയാണ് ഇത് സംബന്ധിച്ച് ബ്രെഷ്യ രൂപത ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായിരുന്ന ടോമിസ്ലാവ് വല്‍സായിക്കിനെയാണ് വൈദികവൃത്തിയില്‍ നിന്ന് നീക്കം ചെയ്തത്. അബദ്ധ സിദ്ധാന്തങ്ങളുടെ പ്രചരണം, സംശയാസ്പദമായ മിസ്റ്റിസിസം, വിധേയത്വക്കുറവ്, പരസംഗം തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് ഇത്.
സഭയില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഒരു പ്രത്യക്ഷീകരണമാണ് മെഡ്ജിഗോറിയിലേത്. ഇതേക്കുറിച്ച് വത്തിക്കാന്‍ അന്വേഷണം നടത്തിയെങ്കിലും അന്തിമതീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 1981 ജൂണ്‍ 24 മുതല്ക്കാണ് മാതാവിന്റെ പ്രത്യക്ഷീകരണം ആരംഭിച്ചത്. ആറു കുട്ടികള്‍ക്കാണ് ഈ അനുഭവം ഉണ്ടായത്. ലോകത്തിന്റെ മാനസാന്തരം, പ്രാര്‍ത്ഥന, ഉപവാസം തുടങ്ങിയ കാര്യങ്ങളാണ് മാതാവ് ഇവിടെ കുട്ടികളോട് സന്ദേശമായി നല്കിയത്.
2014 ല്‍ വത്തിക്കാന്‍ ഈ പ്രത്യക്ഷീകരണത്തെ സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. വിശ്വാസതിരുസംഘത്തിന്റെ മുമ്പിലാണ് ഈ പഠനങ്ങള്‍. ഇനി മാര്‍പാപ്പയുടെ പ്രഖ്യാപനത്തോടെ പ്രത്യക്ഷീകരണത്തെ സംബന്ധിച്ച അന്തിമതീരുമാനം പുറത്തുവരും.