പാപ്പുവ: കത്തോലിക്കാ സുവിശേഷപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന റൂഫിനസ് ടിഗാവുനെ വിഘടനവാദിയെന്ന് ആരോപിച്ച് ഇഡോനേഷ്യന്‍ സെക്യുരിറ്റി ഫോഴ്‌സ് വെടിവച്ചുകൊന്നു. സഭാശുശ്രൂഷകര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ഈ കൊലപാതകമെന്നും ടിഗാവു യഥാര്‍ത്ഥത്തില്‍ സുവിശേഷപ്രവര്‍ത്തകനായിരുന്നുവെന്നും ടിമിക്ക് രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാര്‍ത്തെന്‍ കുയോ പ്രതികരിച്ചു.
26 കാരനായ ടിഗാവു വീടിന് സമീപത്തുവച്ചാണ് കൊല്ലപ്പെട്ടത്. ആറുവയസുള്ള ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ആംഡ് സെപ്പറേറ്റിസ്റ്റ് ക്രിമിനല്‍ ഗ്രൂപ്പിലെ അംഗമാണ് ടിഗാവു എന്നാണ് ആര്‍മിയുടെയും പോലീസിന്റെയും ഭാഷ്യം. വിഘടനവാദികളും സുരക്ഷാഭടന്മാരും തമ്മിലുള്ള പോരാട്ടത്തിലാണ് മരണമെന്നും അവര്‍ പറയുന്നു.
പക്ഷേ ഫാ. കുയോ പറയുന്നത് 2015 മുതല്‍ ടിഗാവു കാറ്റെക്കിസ്റ്റായിരുന്നുവെന്നും ഞായറാഴ്ചകളില്‍ ദിവ്യബലികളില്‍ ശുശ്രൂഷിയായി സേവനം ചെയ്തിരുന്ന ആളായിരുന്നുവെന്നുമാണ്. ഇഡോനേഷ്യന്‍ ഭാഷയിലുള്ള വചനപ്രസംഗം പ്രാദേശികഭാഷയായ മോനിയിലേക്ക് വിശ്വാസികള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്തിരുന്നതും ഇദ്ദേഹമായിരുന്നു.
ഇതിനുമുമ്പും സഭാശുശ്രൂഷകര്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.