ഓവേറി: അതിരൂപതയിലെ സഹായമെത്രാനായിരുന്ന ബിഷപ് മോസസ് ഒടുവില്‍ അക്രമികളുടെ തടവില്‍ നിന്നും മോചിതനായി. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മോചിതനായത്. ഡിസംബര്‍ 27 നാണ് ബിഷപ്പിനെയും ഡ്രൈവറെയും ഔദ്യോഗികവാഹനത്തോടെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. അക്രമികളെക്കുറിച്ചോ ബിഷപ്പിനെക്കുറിച്ചോ യാതൊരുസൂചനകളും ലഭിക്കാതെ വന്ന സാഹചര്യത്തില്‍ പല അഭ്യൂഹങ്ങളും പരന്നിരുന്നു. ബിഷപ് വധിക്കപ്പെട്ടുവെന്നുപോലും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍ അവയ്‌ക്കെതിരെ അതിരൂപത പത്രപ്രസ്താവന പുറപ്പെടുവിക്കുകയും ബിഷപ്പിന്റെ മോചനത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 53 കാരനായ മെത്രാന്റെ മോചനത്തിന് വേണ്ടി ലോകം മുഴുവനും പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
വൈദികരും സെമിനാരിവിദ്യാര്‍ത്ഥികളും തട്ടിക്കൊണ്ടുപോകലിന് ഇരകളാകാറുണ്ടെങ്കിലും ഒരു മെത്രാനെ തട്ടിക്കൊണ്ടുപോകുന്നത് അസാധാരണ സംഭവമായിരുന്നു. മോചനദ്രവ്യം നല്കാതെയാണ് വിട്ടയച്ചതെന്നാണ് കരുതുന്നത്.
മോചനത്തെ സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടില്ല.