ക്രിസ്തുവിന്റേതെന്ന് സ്വയം കരുതുന്ന ഏതൊരാൾക്കും സന്തോഷിക്കാനും അഭിമാനിക്കാനും അവകാശമുള്ളൊരു ദിവസമാണ് ഈശോയുടെ പെസഹായുടെ ഓർമ്മയെ അനുസ്മരിക്കുന്ന ദിനം. എന്നും നമ്മോടൊപ്പമാകാൻ അപ്പമായ ഈശോയുടെ അതിരില്ലാത്ത സ്നേഹത്തിന്റെ ഏറ്റവും വലിയ വെളിപ്പെടുത്തൽ കൂടിയാണിത്. അന്നത്തെ പെസഹായിൽ ഈശോ അവരുടെ പാദങ്ങൾ കഴുകി ശുദ്ധരാക്കി അവർക്കായി സ്വയം പകുത്തേകിയതിനെ ആണ്ടിലൊരിക്കൽ നമ്മൾ ആഘോഷത്തോടെ അനുസ്മരിക്കുന്ന ഈ വിശുദ്ധമായ ദിനത്തിൽ, ഈശോയുടെ അന്നത്തെ പെസഹായും നമ്മുടെ ഇന്നത്തെ പെസഹായും, നമുക്കും നമ്മോടൊപ്പമുള്ളവർക്കും പകർന്നു നൽകുന്ന സന്ദേശവും ഒന്നുതന്നെയാണോ എന്ന് പരിശോധിക്കുന്നതും നല്ലതാണ്.
എല്ലാ പെസഹാവ്യാഴവും ഞാൻ മുടങ്ങാതെ ധ്യാനപൂർവം വായിക്കുന്ന ഒരു വചനഭാഗം വി. പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഘനം പതിനൊന്നാം അധ്യായത്തിലേതാണ്. ഇവിടെ ഈശോയുടെ അവസാനത്തെ പെസഹാരാത്രിയിൽ സംഭവിച്ച കാര്യങ്ങളുടെ ലഘുവായ വിവരണം പറഞ്ഞുതരുന്നുണ്ട്. “കർത്താവിൽനിന്ന് എനിക്കു ലഭിച്ചതും ഞാൻ നിങ്ങളെ ഭരമേൽപിച്ചതുമായ കാര്യം ഇതാണ്: കർത്താവായ യേശു, താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അപ്പമെടുത്ത്, കൃതജ്ഞ്ഞ്ഞതയർപ്പിച്ചതിനു ശേഷം, അതു മുറിച്ചകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓർമയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ. അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങൾ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓർമയ്ക്കായി ചെയ്യുവിൻ”. (1 കോറി. 11 : 23-25) കോറിന്തോസുകാരോട് ഈശോയുടെ അന്ത്യഅത്താഴത്തെക്കുറിച്ച് പറയുമ്പോൾ വി. പൗലോസ് ഊന്നൽ കൊടുക്കുന്നത് ഈശോ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലാണ് ആ പെസഹാ ആഘോഷിച്ചത് എന്നതിനെയാണ്.
ഒരു ഊട്ടുമേശയുടെ ചുറ്റും ഒത്തുകൂടിയിരിക്കുന്ന ഈശോയെന്ന ഗുരുവും അവന്റെ പന്ത്രണ്ട് ശിഷ്യന്മാരും. അവരാരും അപരിചിതരോ ആദ്യമായി കണ്ടുമുട്ടുന്നവരോ അല്ല. അവർ ഓരോരുത്തരം ആരാണെന്നും എന്താണെന്നും മൂന്നുകൊല്ലംകൊണ്ട് ഏറെക്കുറെ അടുത്തറിഞ്ഞവരാണ്. എന്നിട്ടും ആ ശിഷ്യരുടെ മനസ് അവരുടെ ഗുരുവിൽനിന്നും എത്രയോ അകലെയായിരുന്നു. കൂടെനടന്നിട്ടും, ഒന്നിച്ച് ഭക്ഷിച്ചിട്ടും ഈശോയുടെ മനസ്സറിയാൻ കഴിയാതെപോയ ശിഷ്യരുടെ രീതികൾ നമ്മിലും എത്രയോ മടങ്ങ് അധികമായി വളർന്നിരിക്കുന്നു.
എന്നാൽ അന്നത്തെ അത്താഴ വേളയിൽ അവരുടെ ഗുരു പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾക്ക് അന്നോളം പറഞ്ഞതിൽ നിന്നും വ്യത്യാസമുണടായിരുന്നതായി അവർ മനസിലാക്കി. ഒരു വിടവാങ്ങലിന്റെ ധ്വനി അതിൽ ഒളിഞ്ഞു തെളിഞ്ഞും കിടപ്പുണ്ടായിരുന്നു. എന്നാൽ ശിഷ്യർക്ക് അത് കൃത്യമായി മനസിലാക്കാനായില്ല. വ്യത്യസ്തതകളാൽ സമ്പന്നമായ ആ രാത്രിയിൽ ഈശോ ചെയ്ത കാര്യങ്ങളോരോന്നും ഇന്നും തുടരുന്ന അനേകരിൽപ്പെടുന്നവരാണ് നമ്മളും. ആ രാത്രിയിൽ താൻ പറഞ്ഞതിന്റേയും ചെയ്തതിന്റേയും പൊരുളെന്താണെന്ന് ഈശോയ്ക്ക് അണുവിട സംശയമില്ലായിരുന്നു. അന്നത്തെ അത്താഴം കഴിയുമ്പോൾ എന്താണ് തുടർന്ന് സംഭവിക്കുകയെന്നും അവനറിയാമയിരുന്നു. ആ അറിവിലും അവൻ കൈവരിച്ച ശാന്തത എത്രയോ വിസ്മയനീയമായിരുന്നു.
ഇന്ന് ഈശോയുടെ പെസഹായുടെ ഓർമ്മയായി അപ്പം മുറിക്കുമ്പോൾ നമുക്കും അറിയാം ഇക്കാര്യങ്ങളുടെ പിന്നാമ്പുറ ചരിത്രമെന്താണെന്നും എന്തിനാണ് ഇത് ആവർത്തിക്കപ്പെടുന്നതെന്നും. അതുപോലെ ഇതാ നമുക്കായും അനേകം വിരുന്നുമേശകൾ ഈശോതന്നെ ഒരുക്കിവച്ചിരിക്കുന്നത് കാണുന്നു. എന്നിട്ട് അവൻ തന്നെ നമുക്ക്‍് വിളമ്പിത്തരുന്നു. നമ്മൾ അത്താഴം കഴിക്കുന്നതും ഈശോയുടെ ഓർമ്മ അനുസ്മരിക്കുന്നതുമെല്ലാം നമ്മെ കൊണ്ടെത്തിക്കേണ്ടത് ഒരേ ആത്മീയ നിറവിലേക്കാണ്, അത് നമ്മുടെ വീട്ടിൽ നിന്നായാലും പള്ളിയിലെ അൾത്താരയിൽ നിന്നായാലും. പക്ഷേ അവൻ വിളമ്പിത്തരുന്ന അവന്റെ ശരീരവും രക്തവും സ്വന്തമാക്കിയിട്ട് നമ്മളോടുന്നത് യൂദാസിനേപ്പോലെയാണെന്നതാണ് നമ്മുടെയും പ്രത്യേകത. ആരേയൊക്കയോ ഒറ്റിക്കൊടുക്കാൻ, ആരോടൊക്കയോ ഉള്ള പകവീട്ടാൻ നമ്മൾ ഓടിക്കൊണ്ടിരിക്കുകയാണിന്നും.
ഈശോ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിൽ അല്ലെങ്കിൽ അവൻ തന്റെ ശിഷ്യരിലൊരുവനാൽ ഒറ്റിക്കൊടുക്കപ്പെടും എന്നറിയുന്നതിനുശേഷമുള്ള ആ പെസഹായിൽ, അവരുടെ ഗുരുവും കർത്താവുമായിരുന്നിട്ടും, മറ്റൊരർത്ഥത്തിൽ ശിഷ്യരുടെമേൽ എല്ലാ അധികാരവുമുണ്ടായിരുന്നിട്ടും അവൻ ആരോടും പകവീട്ടിയില്ല എന്നത് വീണ്ടും വീണ്ടും വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
എത്രയോ ഇടങ്ങളിലാണ് നിത്യേന ഈശോയുടെ നാമത്തിൽ ഒന്നിച്ചുകൂടുകയും അപ്പം മുറിക്കുകയും പങ്കിട്ടേകുകയും ചെയ്യുന്നവർ പകയുടേയും പ്രതികാരത്തിന്റേയും വെറുപ്പിന്റേയും അപ്പസ്തോലന്മാരാകുന്നത്. അങ്ങനെ എത്രയോപേരെയാണ് ക്രിസ്തുവിന്റെ സ്നേഹത്തിൽന്നിന്നും അകറ്റിയിരിക്കുന്നത്. അൾത്താരയിൽ അപ്പം വാഴ്ത്തി മുറിച്ച് വിളമ്പാൻ കൃപകിട്ടിയിട്ടുള്ളവർ നിസ്സാരമായ കാര്യങ്ങളുടെ പേരിൽ / അരുടെ പിടിവാശിയുടെ പേരിൽ വരുത്തിവയ്ക്കുന്ന മുറിവുകൾ പലപ്പോഴും സൗഖ്യപ്പെടുത്താനാവാത്ത വിധം വലുതാണ്. അതുപോലെ ഒപ്പം നിന്നും പക്ഷം പിടിച്ചും ഒറ്റുകൊടുക്കാനും തള്ളിപ്പറയാനും ഓടിയൊളിക്കാനും മടിയില്ലാത്തവരും കൂടെചേരുമ്പോൾ എല്ലാം പൂർത്തിയാകും.
ക്രിസ്ത്യാനിയുടെ പൊതുജീവിതത്തിൽ ഇന്ന് പ്രകടമായിരിക്കുന്നത് ക്രിസ്തു ഇല്ലാത്ത ക്രിസ്തീയതയാണെന്നത് അതിശയോക്തിയല്ല, സത്യമാണ്. ഈശോയുടെ സ്നേഹത്തിന്റെ തീവ്രതയാൽ നിറഞ്ഞ പെസഹാ ആഘോഷത്തെക്കുറിച്ച് ഒത്തിരി വാചാലരാകുമ്പോഴും എല്ലാവരേയും ഒന്നിപ്പിച്ച് നിർത്തിയ അവന്റെ മനസ് നമ്മൾ നഷ്ടമാക്കിക്കഴിഞ്ഞിരിക്കുന്നു..
ഏതെല്ലാം രീതിയിൽ വിഭാഗീയതകളും മുറിവുകളും സൃഷ്ടിക്കാൻ സ്സധ്യതയുണ്ടോ അതെല്ലാം ക്രിസ്തുവിന്റെ പെസഹാ ആഘോഷിക്കുന്നവർ നടപ്പിലാക്കിക്കഴിഞ്ഞു. എല്ലാത്തരത്തിലുമുള്ള വ്യക്തിത്വങ്ങളെ അവരുടെ എല്ലാവിധത്തിലുമുള്ള കുറവുകളോടുംകൂടി ചേർത്തുപിടിച്ച് അവരെ നന്മയുടെ വഴിയെ നടത്തിയിട്ടും ഏറ്റവും വലിയ ദ്രോഹം അവർ ഏല്പിക്കുമ്പോഴും അവരെ സ്നേഹിച്ച അവരുടെ നേതാവായിരുന്നു ഈശോ. അവന്റെ പെസഹായുടെ, അവന്റെ ജീവിതത്തിന്റെ ഓർമ്മയാണ് നമ്മളും ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടത്. ഈ നന്മയാണ് ഇന്ന് അവന്റെ ഒപ്പം അന്നഭിമാനിക്കുന്നവരിൽ ഇല്ലാതായിരിക്കുന്നതും.
ഈശോയുടെ പെസഹായുടെ ഓർമ്മ ഒരുവേള കൂടി നമ്മൾ അനുസ്മരിക്കുമ്പോൾ, നമുക്ക് ആഗ്രഹിക്കാം ഒപ്പം പ്രാർത്ഥിക്കാം; യഥാർത്ഥവും കളങ്കരഹിതവുമായ സ്നേഹം വീണ്ടും തളിരിടുകയും പുഷ്പിക്കുകയും ഫലമണിയുകയും ചെയ്യുമെന്നും അങ്ങനെ നമ്മുടെ ഊട്ടുമേശകൾ അൾത്താരയുടെ അനുഭവം നമ്മിലേക്ക് തിരികെയെത്തിക്കുമെന്നും. പെസഹാ കുഞ്ഞാടായ ഈശോയേ നിന്റെ നന്മയിലേക്ക് തിരികെ നടക്കാൻ ഞങ്ങളുടെ പാദങ്ങളെ ബലപ്പെടുത്തേണമേ, ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ.
ഏവർക്കും പെസഹായുടെ ആശംസകൾ പ്രാർത്ഥനാപൂർവം നേരുന്നു.
പോൾ കൊട്ടാരം കപ്പൂച്ചിൻ