Saturday, March 15, 2025
spot_img
More

    ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന് 20 വയസ്സ് ; ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം

    ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന് (STSMCC) 20 വയസ്.  യുകെയിലെ ഏറ്റവും വലിയ കതോലിക് വിശ്വാസ സമൂഹങ്ങളില്‍ ഒന്നായ എസ്ടിഎസ്എംസിസിയുടെ ഒരു വര്‍ഷം നീളുന്ന ആഘോഷം, എസ്ടിഎസ്എംസിസിയുടെ എല്ലാ സംഘടനകളുടേയും ഭാരവാഹികളുടെ നേതൃത്വത്തില്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.

    രാവിലെ 9.30ന് നടന്ന വിശുദ്ധ കുര്‍ബാനയില്‍ ആദ്യകാലങ്ങളില്‍ STSMCC യെ നയിച്ച വൈദീകന്‍ ഫാ സണ്ണി പോള്‍ ,എസ്ടിഎസ്എംസിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷമായ പാട്ടു കുര്‍ബാനയും ആരാധനയും നടന്നു. എസ്ടിഎസ്എംസിസിയ്ക്കായി കഴിഞ്ഞ 20 വര്‍ഷമായി സേവനം ചെയ്ത വൈദീകരെ വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫാ പോള്‍ വെട്ടിക്കാട്ട് അനുസ്മരിച്ചു. ഫാ സണ്ണി പോളിന് ശേഷം ഫാ ജോസഫ് നരിക്കുഴി, ഫാ ജോര്‍ജ് വള്ളിയാംതടം, ഫാ അനില്‍, ഫാ ജിജി അലക്കളം, ഫാ ജോണ്‍ കുടിയിരുപ്പില്‍, ഫാ ജോര്‍ജ് ചീരാംകുഴി, ഫാ തോമസ് പാറയടിയില്‍, ഫാ റോജി ,ഫാ ജോയ് വയലില്‍, ഫാ സെബാസ്റ്റ്യന്‍,ഫാ സിറില്‍ ഇടമന, ഫാ എബ്രഹാം, ഫാ സക്കറിയ, ഫാ ടോണി പഴയകളം തുടങ്ങി ഏവരുടേയും സേവനം എടുത്ത് പറഞ്ഞ് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
    നാട്ടിലായിരിക്കുന്ന ഡീക്കന്‍ ജോസഫ് ഫിലിപ്പിനേയും മുന്‍ സെക്രട്ടറിമാരും ട്രസ്റ്റിമാരുമായിരുന്ന ഏവരേയും വിശുദ്ധ കുര്‍ബാന മദ്ധ്യേ അനുസ്മരിച്ചു. അവര്‍ ചെയ്ത സേവനങ്ങളെ ഫാ പോള്‍ വെട്ടിക്കാട്ട് ഓര്‍മ്മിപ്പിച്ചു.

    വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ വചന സന്ദേശത്തില്‍ ഫാ സണ്ണി പോള്‍ കേരളത്തില്‍ നിന്ന് യുകെയില്‍ എത്തപ്പെട്ട സീറോ മലബാര്‍ വിശ്വാസികളുടെ ദൗത്യത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. എവിടെയായിരുന്നാലും ദൈവ വചനം പ്രഘോഷിക്കാന്‍ വേണ്ടിയാണ് യുകെയില്‍ എത്തിച്ചിരിക്കുന്നതെന്നും നല്ലതു ജീവിതത്തില്‍ പകര്‍ത്താന്‍ ,തങ്ങളുടെ സംസ്‌കാരം പരിപോഷിക്കാന്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ അതുവഴി അവരെ ദൈവത്തിലേക്ക് ആനയിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ ദൗത്യം അതു തന്നെയാണെന്നും ഫാദര്‍ പറഞ്ഞു.

    20 കൊല്ലം മുമ്പ് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് ആരംഭിച്ച ശേഷം പ്രവര്‍ത്തിച്ച വൈദീകരുടേയും ആല്‍മായരുടേയും ഒത്തൊരുമയുള്ള പ്രവര്‍ത്തനം  മികച്ചതായിരുന്നു  . ഈ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും ഇതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ഫാദര്‍ പറഞ്ഞു.

    ഭാവിയില്‍ പുതിയ ദേവാലയം നിര്‍മ്മിക്കാനിരിക്കേ കൂടുതല്‍ ഉജ്ജ്വലമായി മുന്നോട്ട് പോകാന്‍ ദൈവം സഹായിക്കട്ടെയെന്നും ഫാ സണ്ണി പോള്‍ അച്ചന്‍ ആശംസിച്ചു.

    പിന്നീട് ഗ്രൗണ്ടില്‍ വച്ചു നടന്ന പരിപാടിയില്‍ കുട്ടികളുടെ മത്സരങ്ങള്‍ രസകരമായി. ആകര്‍ഷകമായ ലേലം വിളികളുണ്ടായി. കാന്താരി മുളകു ചെടി 165 പൗണ്ടിന് ലേലം വിളിച്ചുള്ള ആവേശം ഇതില്‍ എടുത്തുപറയേണ്ടതാണ്. വിശ്വാസികളുടെ ഈ ഉണര്‍വാണ് ആഘോഷത്തിന്റെ മാറ്റു കൂട്ടുന്നതും.

    എസ്ടിഎംസിസിയുടെ കുറിച്ച് പറയുമ്പോള്‍ ഏവര്‍ക്കും പെട്ടെന്ന് ഓര്‍മ്മ വരിക ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തെ പറ്റിയാണ്.ബ്രിസ്റ്റോള്‍ സമൂഹം യുകെയ്ക്ക് സംഭാവന നല്‍കിയ ബൈബിള്‍ കലോത്സവത്തിന് പത്തുവര്‍ഷമായി. വിശ്വാസ പ്രഘോഷണ വേദിയാണ് ബൈബിള്‍ കലോത്സവം. ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ നടക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ യുകെയിലെ എല്ലാ ഭാഗത്തു നിന്ന് വിശ്വാസികള്‍ പങ്കെടുക്കുന്നു. ഈ വലിയ കലാ മാമാങ്കത്തിലൂടെ ദൈവ വചനങ്ങള്‍ കലാരൂപങ്ങളിലൂടെ വേദിയിലെത്തി.
     യുകെയില്‍ ഒരുദേവാലയത്തില്‍  ഒത്തുചേരുന്ന ഏറ്റവും വലിയ വിശ്വാസ സമൂഹമാണ് എസ്ടിഎസ്എംസിസിയുടേത്. യുകെയിലെ ഏറ്റവും വലിയ വേദ പാഠ ക്ലാസുകളും ഇവിടെയാണ് നടക്കുന്നത്.  12ാം ക്ലാസുവരെ  കൃത്യമായ ചിട്ടയോടെ നടത്തുന്ന വേദ പഠന ക്ലാസുകള്‍ കുട്ടികളിലെ വിശ്വാസത്തെ ഊട്ടിഉറപ്പിച്ചു. മലയാളം വായിക്കാനറിയാത്ത കുട്ടികള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ മംഗ്ലീഷിലും ഇംഗ്ലീഷിലുമായി കുര്‍ബാന പുസ്തകം ഇറക്കിയതും എസ്ടിഎസ്എംസിസിയുടെ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനമാണ്. കെസിബിസിയുടെ അംഗീകാരമുള്ള ഈ പുസ്തകം ഇന്ന് നാല്‍പതിനായിരത്തിലധികം കോപ്പികളുമായി ലോകത്തെ എല്ലാ ഭാഗത്തുമുള്ള മലയാളം വായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ വിശുദ്ധ കുര്‍ബാനയ്ക്കായി ഉപയോഗിക്കുന്നു.

    യുവജനങ്ങള്‍ക്ക് വേണ്ടി യുകെയില്‍ ആദ്യമായി സംഘടന തുടങ്ങിയതും ബ്രിസ്റ്റോളിലാണ്. സെന്റ് തോമസ് യൂത്ത് ലീഗ് എന്നറിയപ്പെട്ടിരുന്ന സംഘടന പിന്നീട് എസ്എംവൈഎം ആയി. കുട്ടികള്‍ക്ക് വേണ്ടി മിഷന്‍ ലീഗ് ആരംഭിച്ചതും ബ്രിസ്റ്റോളിലാണ്. 300 ഓളം കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്.
    മറ്റൊരു സേവനം ലേഡീസ് ഗ്രൂപ്പിന്റെതാണ്. കേരളത്തിലും യുകെയിലും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച  ലേഡീസ് ഗ്രൂപ്പും മുതിര്‍ന്നവര്‍ക്കായുള്ള സെന്റ് വിന്‍സന്റ് ഡീ പോള്‍ സംഘടനയും എസ്ടിഎസ്എംസിസിയുടെ മികവ് പ്രകടമാക്കുന്നത് തന്നെ.
    യുകെയിലാദ്യമായി സ്വന്തമായി ഒരു ദേവാലയം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് STSMCC. 7 ലക്ഷം പൗണ്ടോളം മുടക്കിഅതിനുവേണ്ടിയുള്ള സ്‌ഥലം വാങ്ങിക്കുകയും അതിൽ ദേവാലയം നിർമ്മിക്കുവാനുള്ള പ്ലാനിംഗ് പെർമിഷൻ ലഭിക്കുകയും ചെയ്തു. ദേവാലയ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇടവകാംഗങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്.
    ഫാ പോള്‍ വെട്ടിക്കാട്ട്, കസ്‌റ്റോഡിയന്മാരായ സിജി സെബാസ്റ്റ്യന്‍, മെജോ ജോയ് ,ബിനു ജേക്കബ്, ഫാമിലി കൂട്ടായ്മകളുടെ കോര്‍ഡിനേറ്റര്‍ ജോര്‍ജ് തരകന്‍, ഡിക്കന്‍ ജോസഫ് ഫിലിപ്പ്,  സിസ്റ്റര്‍മാരായ സി. ലീന മേരി, സി. ഗ്രേസ് മേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വലിയൊരു കൂട്ടായ്മയുടെ വിജയമാണ് എസ്ടിഎസ്എംസിസിയുടേത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!