മ്യാന്‍മര്‍: പട്ടാള അധിനിവേശത്തെ തുടര്‍ന്ന് ബര്‍മ്മയിലെ ക്രൈസ്തവരുടെ നില കൂടുതല്‍ പരിതാപകരമായിരിക്കുകയാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ബെനഡിക്ട് റോഗര്‍. ബെല്‍ജിയത്ത് യൂറോപ്യന്‍ പാര്‍ലമെന്റ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടാളം പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുകയാണ്. ഈ മാസം ആരംഭത്തില്‍ ഒരു സുവിശേഷപ്രഘോഷകനെ പട്ടാളം വെടിവച്ചുകൊന്നു. വെടിവച്ചുകൊല്ലുക മാത്രമല്ല വിവാഹമോതിരം അണിഞ്ഞ വിരല്‍ മുറിച്ചെടുക്കുകയും ചെയ്തു. ക്രൈസ്തവര്‍ ഇവിടെ ന്യൂനപക്ഷം മാത്രമാണ്. ക്രൈസ്തവര്‍ വിവിധതരത്തിലുളള മതപീഡനത്തിന് ഇരകളാകുകയും ചെയ്യുന്നുണ്ട്. ഫെബ്രുവരി ഒന്നിനാണ്പട്ടാളം അധികാരം പിടിച്ചെടുത്തത്. പട്ടാളവും പ്രക്ഷോഭകാരികളും തമ്മിലുളള പോരാട്ടത്തില്‍ ഇതുവരെ 1136 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 4.4 മില്യന്‍ ക്രൈസ്തവരാണ് മ്യാന്‍മാര്‍ എന്ന ബര്‍മ്മയിലുളളത്.
ബുദ്ധമതത്തിനാണ് ഇവിടെ പ്രാമുഖ്യം. 750,000 കത്തോലിക്കരാണ് ഇവിടെയുള്ളത്. ആകെയൊരു കര്‍ദിനാള്‍ മാത്രമേ രാജ്യത്തിനുള്ളൂ. കര്‍ദിനാള്‍ ചാള്‍സ് ബോ. ഒരു ലക്ഷത്തോളം ക്രൈസ്തവര്‍ മതിയായ ഭക്ഷണമോ വേണ്ടത്ര ആരോഗ്യസുരക്ഷയോ ഇല്ലാതെ ബുദ്ധിമുട്ടില്‍ കഴിയുകയാണെന്നാണ് ക്രിസ്ത്യന്‍ ലീഗല്‍ ഗ്രൂപ്പ് എഡിഎഫ് ഇന്റര്‍നാഷനലിന്റെ കണക്കുകള്‍ പറയുന്നത്.
2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബര്‍മ്മ സന്ദര്‍ശിച്ചിരുന്നു. ബര്‍മ്മ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി ഇതിനകം പലതവണ അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.