വത്തിക്കാന്‍ സിറ്റി: ആഭ്യന്തരയുദ്ധം കശക്കിയെറിഞ്ഞ സിറിയായുടെ മണ്ണില്‍ കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിയുടെ സന്ദര്‍ശനം ആരംഭിച്ചു. ഇന്നലെ ആരംഭിച്ച സിറിയാ സന്ദര്‍ശനം നവംബര്‍ മൂന്നിന് സമാപിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്ലാന്‍ ചെയ്ത പര്യടനമാണ് കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിവച്ചത്.
കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഈസ്‌റ്റേണ്‍ ചര്‍ച്ചസിന്റെ പ്രിഫെക്ടാണ് കര്‍ദിനാള്‍ സാന്ദ്രി. സിറിയായിലെ കത്തോലിക്കാ സമൂഹത്തോടുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹൃദയടുപ്പത്തിന്റെ പ്രതീകം എന്ന നിലയിലാണ് ഈ സന്ദര്‍ശനമെന്ന് പത്രക്കുറിപ്പ് പറയുന്നു, വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധം സിറിയന്‍ ജനതയെ ജന്മദേശം തന്നെ വിട്ടുപോകാന്‍ പ്രേരിതമാക്കിയിരുന്നു. ദമാസ്‌ക്കസ്, ടാര്‍ടോയ്‌സ്, ഹോംസ്സ യാബ്രൗഡ്, മാലോലോ, അലെപ്പോ എന്നിവിടങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന യാത്രയില്‍ അദ്ദേഹം സന്ദര്‍ശിക്കുന്നത്, മെല്‍ക്കൈറ്റ് ഗ്രീക്ക് കാത്തലിക് ചര്‍ച്ച് തലവന്‍ പാത്രിയാര്‍ക്ക യൂസഫ് അബ്‌സിയുമായി ഇന്നലെ അദ്ദേഹം കണ്ടുമുട്ടി. വിവിധ കത്തോലിക്കാ സ്ഥാപനങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. വൈദികരെയും കന്യാസ്ത്രീകളെയും അഭിസംബോധന ചെയ്യും.
87 ശതമാനവും മുസ്ലീമുകളായ സിറിയായില്‍ ക്രൈസ്തവ പ്രാതിനിധ്യം വെറും പത്തു ശതമാനം മാത്രമാണ്. ആഭ്യന്തരയുദ്ധത്തിന് മുമ്പ് അലെപ്പോയില്‍ 180,000 ക്രൈസ്തവരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 32,000 മാത്രമാണ്. സിറിയായിലെ ഏറ്റവും വലിയ കത്തോലിക്കാ കമ്മ്യൂണിറ്റി മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കരാണ്. അര്‍മേനിയന്‍, സിറിയസ ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ് എന്നീ വിഭാഗങ്ങളും ഇവിടെയുണ്ട്.