വത്തിക്കാന്‍ സിറ്റി: കുടുംബങ്ങളിലെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയും സമൂഹവും കുടുംബത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കുടുംബം മുഴുവന്‍ ഒന്നിച്ച് എല്ലാ ദിവസവും സമാധാനമെന്ന ദാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. ദയവായി എല്ലാവരും ദിവസവുംകുറച്ചുനേരമെങ്കിലും കുടുംബത്തിലെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ശ്രമമുണ്ടാകുകയും വേണം, കുടുംബമാണ് നമ്മുടെ നിക്ഷേപം. നിധി. അതുകൊണ്ട് മാതാപിതാക്കളും കുട്ടികളും സഭയും സമൂഹവുമെല്ലാം കുടുംബത്തോട് പ്രതിബദ്ധതയുള്ളവരാകണം.
നസ്രത്തിലെ തിരുക്കുടുംബം നമ്മെ സ്വന്തം കുടുംബത്തെക്കുറിച്ച് നമ്മെ നിരവധി പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. എല്ലാവരും ഓരോ കുടുംബത്തില്‍ നിന്ന് വരുന്നവരാണ്, നമ്മുടെ കുടുംബങ്ങളെ പ്രതി ദൈവത്തിന് നന്ദി പറയുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും വേണം. ക്രിസ്തുപോലും ഒരു കുടുംബത്തിലെ അംഗമായിരുന്നു. മാതാപിതാക്കളുടെ സംരക്ഷണയിലും പരിഗണനയിലും ക്രിസ്തു ജനിക്കുകയും വളരുകയും ചെയ്തു എന്നതുതന്നെ വളരെ മനോഹരമായ ഒരു ചിന്തയാണ്. ഇത് നമ്മെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നമ്മുടെ ഈഗോയെ എങ്ങനെ ഇല്ലാതാക്കാന്‍ കഴിയുമെന്നും ക്ഷമയില്‍ വളരാന്‍ കഴിയുമെന്നും നാം പഠിക്കേണ്ടിയിരിക്കുന്നു. തിരുക്കുടുംബം പോലും അപ്രതീക്ഷിതമായ പല പ്രശ്‌നങ്ങളെയും നേരിട്ടിട്ടുണ്ട്. ബുദ്ധിമുട്ടുകളും സഹനങ്ങളും ഉണ്ടായിട്ടുണ്ട്. ഉണ്ണീശോയെ കാണാതെപോയി മൂന്നാം ദിവസം കണ്ടുകിട്ടിയത് ഓര്‍മ്മിക്കുക. ഓരോ ദിവസവും ജോസഫും മേരിയും മറ്റെയാളെ ശ്രവിക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്തു, പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും അവര്‍ ഒരുമിച്ചാണ് അഭിമുഖീകരിച്ചത്. ഇത് അനുദിനജീവിതത്തിലെ ഒരു വെല്ലുവിളിയാണ്. ശരിയായ മനോഭാവം കൊണ്ടും ലളിതമായ പ്രവൃത്തികളിലൂടെയും മാത്രമേ ഇതിനെ മറികടക്കാനാവൂ. പാപ്പപറഞ്ഞു.