Thursday, November 21, 2024
spot_img
More

    സന്യാസി: കാത്തിരുന്ന്‌ കണ്ടെത്തുന്നവർ

    സന്യാസ ജീവിതം നയിക്കുന്ന അനേകരാൽ സമ്പന്നമാണ്‌ കത്തോലിക്കാ സഭ. നമ്മുടെ സ്വന്തമായവരും പരിചിതരായവരും സുഹൃത്തുക്കളായവരുമൊക്കെ ചേർന്നതാണ്‌ ഈ സന്യസ്തർ. സന്യാസത്തിന്റെ മാഹാത്മ്യത്തെ തിരിച്ചറിഞ്ഞവരും അടുത്തറിഞ്ഞവരും മനസിലാക്കിയവരുമായി ധാരാളം പേരുണ്ട്‌ എന്നത്‌ ഏറെ സന്തോഷകരമായ കാര്യമാണ്‌.

    “അവിടുത്തെ ഹിതം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു” (ഹെബ്രാ. 10:9) എന്ന വചനാടിസ്ഥാനത്തിൽ ഒരു വ്യക്തി തന്റെ ജീവിതത്തെ ദൈവോന്മുഖമായി രൂപപ്പെടുത്തുന്നതാണ്‌ സന്യാസം. കർത്താവിന്റെ ഹിതം, അത്‌ മാത്രമാണ്‌ തന്റെ മുൻപിലുള്ളതെന്നും, അതിനപ്പുറം ജീവിതത്തിൽ മറ്റൊന്നിനും ഇടമില്ലായെന്നും സ്വയമറിഞ്ഞ്‌ സ്വജീവിതത്തെ വിട്ടുകൊടുക്കുന്നതാണ്‌ സന്യാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതാണ്‌ സന്യാസത്തിന്റെ കാതൽ.

    മറിയവും ജോസഫും കൂടി ഈശോയെ ദൈവാലയത്തിൽ സമർപ്പിക്കുകയും മോശയുടെ നിയമപ്രകാരമുള്ളവയെല്ലാം പൂർത്തീകരിച്ചും കഴിയുമ്പോൾ, നാം കാണുന്നത്‌ ശിമയോനെയേയും അന്നയേയുമാണ്‌. അവർ രണ്ടുപേരും വൃദ്ധരാണ്‌, എങ്കിലും ദൈവാലയത്തോടുചേർന്നാണ്‌ അവർ ഇരുവരും ജീവിക്കുന്നത്‌. ശിമയോനെയും അന്നയേയും കുറിച്ചുള്ള വചനം വായിക്കുമ്പോൾ, ഇവർക്കുള്ള പ്രത്യേകതയായി എനിക്ക്‌ തോന്നിയത്‌, അവരുടെ പ്രത്യാശയോടെയുള്ള കാത്തിരിപ്പാണ്‌. അവർ കാത്തിരിക്കുന്നത്‌ രക്ഷകനെ കാണാൻ വേണ്ടി മാത്രമാണ്‌. അവരുടെ മുൻപിൽ മറ്റ്‌ ആഗ്രഹങ്ങളില്ല, ലക്ഷ്യങ്ങളില്ല. ശിമയോനും അന്നയും ഏറെനാൾ പ്രതീക്ഷയോടെ കാത്തിരുന്നു. ജോസഫും മറിയവും ഈശോയേ സമർപ്പിക്കാനായി ദൈവാലയത്തിൽ വന്നപ്പോഴാണ്‌ അവരുടെ ആ കാത്തിരുപ്പ്‌ സഫലമായത്‌. ജോസഫും മറിയവും കൊണ്ടുവന്നിരിക്കുന്ന കുഞ്ഞാണ്‌ രക്ഷകനെന്ന്‌ അവിടെ ആരും പറയുന്നില്ല, എന്നിട്ടും അവർക്കത്‌ മനസിലാകുന്നു. അവരുടെ സന്തോഷം പൂർണമാകുന്നു.

    ശിമയോനും അന്നയും രക്ഷകനെ കാത്തിരിക്കുകയും കണ്ടെത്തുകയും ചെയ്തവരാണ്‌ എന്ന്‌ സുവിശേഷം പറഞ്ഞുതരുന്നു. ഇതാണ്‌ സന്യാസത്തിലേക്ക്‌ ഇറങ്ങുന്ന ഏതൊരു വ്യക്തിയുടേയും അനുഭവമായി മാറേണ്ടത്‌. പ്രതീക്ഷയോടെ രക്ഷകനായ ഈശോയെ കാത്തിരിക്കാനാകുക, പിന്നീട്‌ കണ്ടെത്താനാകുക. ഇത്തരം കാത്തിരിപ്പും കണ്ടെത്തലും ജീവിതഭാഗമാകുമ്പോഴാണ്‌ സന്യാസിക്ക്‌ ശരിയായ സന്തോഷമുണ്ടാകൂ. അല്ലാതെ വന്നുചേരുന്ന സന്തോഷങ്ങൾക്ക്‌ അൽപായുസ്സേ ഉണ്ടാകൂ.

    വൃദ്ധരായ ശിമയോനും അന്നയും ദൈവാലയം കേന്ദ്രികരിച്ച്‌ ജീവിക്കുമ്പോൾ, അവർ കാത്തിരിക്കുന്നത്‌ രക്ഷകനെയാണെന്ന്‌ അവരുടെ ഏറ്റവും അടുത്ത ആളുകളോട്‌ പറഞ്ഞപ്പോഴൊക്കെ അവർക്ക്‌ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടകാം. പ്രായംകൂടിയപ്പോൾ ബോധംപോയോ എന്നോക്കെയുള്ള പറച്ചിലുകൾ അവരുടെ കാതുകളിലും എത്തിയിരുന്നിരിക്കാം. പക്ഷേ അവർക്ക്‌ വലിയ പ്രത്യേകതകൾ ഉം‍്ടായിരുന്നു എന്ന്‌ സുവിശേഷം ഓർമ്മിപ്പിക്കുന്നുണ്ട്‌. ശിമയോൻ, നീതിമാനും ദൈവഭകതനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അന്നയാകട്ടെ രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട്‌ പ്രാർത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞവളുമായിരുന്നു (ലൂക്കാ 2:25,37). ചുറ്റുപാടുകളിൽ നിന്നും ഉയരുന്ന വാക്കുകൾ നല്ലതോ ചീത്തയോ, അനുകൂലമോ പ്രതികൂലമോ ആയാലും അവർ ഇരുവരും കൃത്യമായ ബോധ്യങ്ങളാൽ നിറഞ്ഞവരായിരുന്നു. അതിനാൽ മറ്റൊന്നും അവരെ ഒരുവിധത്തിലും സ്വാധീനിച്ചിരുന്നില്ല എന്നതുറപ്പാണ്‌.

    ഏതൊരു ക്രൈസ്തവ സന്യാസിയും ഇപ്രകാരം ജീവിക്കേണ്ട വ്യക്തിതന്നെയാണ്‌. ചെയ്യുന്ന ഓരോ കാര്യങ്ങളിലും, അത്‌ ചെറുതോ വലുതോ എന്തുമാകട്ടെ, അതിൽ കർത്താവിനെ കാത്തിരിക്കലും കണ്ടെത്തലും ഇഴചേർക്കപ്പെടണം. അതിലൊരു സുഖമുണ്ട്‌, സന്തോഷമുണ്ട്‌, അതിൽ വലിയ ആത്മീയതയുണ്ട്‌. ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നതും ജീവിച്ചിരുന്നവരുമായ സന്യസ്തരാൽ നിറഞ്ഞതായിരുന്നു സന്യാസഭവനങ്ങൾ. എന്നാൽ കാലം മാറിയപ്പോഴോ? കർത്താവിനെ കാത്തിരിക്കുന്നവരും, കർത്താവിനെ കണ്ടെത്തുന്നവരും എന്ന ആത്മീയ ശൈലിയിൽ നിന്നും ഏറെ അകന്നവരായി സന്യാസി മാറിപ്പോയി എന്ന ആവലാതികൾ പലയിടത്തുനിന്നും കേട്ടുതുടങ്ങിയിരിക്കുന്നു.

    ഞാനുമൊരു സന്യാസിയായതിനാൽ സന്യാസത്തിന്റെ അകത്തളങ്ങളെക്കുറിച്ച്‌ പുറമേനിന്നും കാണുകയും പറയുകയും ചെയ്യുന്നവരെക്കാൾ അധികം എനിക്ക്‌ പറയാനാകും എന്നതിൽ സംശയമില്ല. ഞങ്ങളാരും വിമർശനത്തിന്‌ അതീതരല്ലായെന്നും, ഞങ്ങളിലും ധാരാളം കുറവുകളും പരിമിതികളുമുണ്ടെന്നും എറ്റുപറയുന്നതിൽ നാണക്കേടൊന്നുമില്ല. എങ്കിലും, സന്യാസം സ്വീകരിച്ചപ്പോൾ ക്രിസ്തുവിൽ നിന്നും പകർന്നുകിട്ടിയ ആത്മീയാഗ്നി അണഞ്ഞുപോകാതിരിക്കാനുള്ള പരിശ്രമവും ഒപ്പം ആഗ്രഹവും ഉള്ളിലുണ്ട്‌.

    എല്ലാ ഉപേക്ഷിച്ച്‌ കർത്താവിനെ മാത്രം ലക്ഷ്യം വച്ച്‌, അവിടുത്തെ ഹിതം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു എന്നൊക്കെ അഭിമാനത്തോടെ പറഞ്ഞുകൊണ്ട്‌ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഞങ്ങൾ, മിക്കപ്പോഴും ഞങ്ങളുടെ സന്യാസത്തിന്റെ മഹത്വമായി ഉയർത്തിക്കാട്ടുന്നത്‌ അൽപായുസ്സ്‌ മാത്രമുള്ള പദവികളും സ്ഥാനങ്ങളുമൊക്കെയാണ്‌. സന്യാസികളായ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച്‌ അവരുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമൊക്കെ അഭിമാനത്തോടെ പറയുന്ന കാര്യങ്ങളിൽ, അവർ ദൈവത്തെ കാത്തിരിക്കുന്നവരെന്നോ ദൈവത്തെ കണ്ടവരെന്നോ അല്ല. പകരം അവരുടെ പദവികളും അവർ ഇപ്പോൾ ആയിരിക്കുന്ന ഇടങ്ങളുമാണെന്നത്‌ സന്യാസത്തെക്കുറിച്ച്‌ ഞങ്ങൾ കൈമാറിയ തെറ്റായ അറിവാലാണ്‌. ഇത്‌ സന്യാസികളായ ഞങ്ങളുടെ പരാജയം തന്നെയാണ്‌.

    സന്യാസികളിൽ ചിലരുടെയെങ്കിലും ഉള്ളിൽ അധികാരവും അതിലൂടെ ലഭ്യമാകുന്ന ഭൗതീക സന്തോഷവും മാത്രമാണ്‌ പ്രധാനപ്പെട്ടതെന്ന്‌ തോന്നിച്ചിട്ടുണ്ട്‌. ഒപ്പമുള്ള സന്യാസികളെ കർത്താവിലേക്ക്‌ നയിക്കാൻ അത്മീയതയിൽ നിറഞ്ഞ നേതൃത്വം എപ്പോഴും ആവശ്യമാണ്‌. എന്നാൽ ആത്മീയതയില്ലാത്തതും അധികാരത്തിന്റെ ഗർവ്‌ നിറഞ്ഞതുമായ നേതൃത്വം ഗുണത്തിനേക്കാളേറെ ദോഷമേ വരുത്തുകയുള്ളൂ എന്നത്‌ കാലം പഠിപ്പിച്ചുതന്നിട്ടുള്ള പാഠമാണ്‌. സന്യാസത്തിന്റെ ആത്മീയ പരിസരത്തുനിന്നും മാറി ഭൗതീകമായ പരിസരങ്ങളിലേക്ക്‌ ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നു എന്നത്‌ യാഥാർത്ഥ്യമാണ്‌. അതിനാൽത്തന്നെ നിരന്തരം കർത്താവിനെ കാത്തിരിക്കുന്നവരും ശിമയോനേയും അന്നയേയും പോലെ കർത്താവിനെ കണ്ടെത്തിയവരുമായി ഞങ്ങൾക്ക്‌ മാറാൻ കഴിയുന്നില്ല എന്ന സത്യം മുൻപിലുണ്ട്‌.

    സമർപ്പിത ജീവിതത്തേയും സമർപ്പിതരേയും ലോകം ആദരിക്കുമ്പോഴും തിരസ്കരിക്കുമ്പോഴും കർത്താവിനെപ്പോലെ ശാന്തതയോടെ ആയിരിക്കാനാകുന്നത്‌ എത്രയോ ശ്രേഷ്ഠമായ കാര്യമാണ്‌. ഇക്കാലത്ത്‌, പല സന്യാസികൾക്കും ഇത്തരം രീതി സാധ്യമാകുന്നില്ല എന്നതാണവരുടെ പരാജയം. വൃദ്ധരായ ശിമയോനും അന്നയും രക്ഷകനായ കർത്താവിനെ കാത്തിരുന്നതിന്റെ പിന്നിലുള്ള കാര്യങ്ങൾ വിശദീകരിക്കാൻ എളുപ്പമല്ല, വിശദീകരിച്ചാലും ആർക്കും മനസിലാകണമെന്നുമില്ല. പക്ഷേ അവർക്ക്‌ ആ കാത്തിരിപ്പ്‌ ആത്മീയമായ സന്തോഷം വർദ്ധിപ്പിച്ചതല്ലാതെ കുറച്ചില്ല എന്നാണ്‌ വചന വായനയിലൂടെ ഞാൻ മനസിലാക്കുന്നത്‌.

    ഈശോയെ ദൈവാലയത്തിൽ സമർപ്പിച്ചതിനെ അനുസ്മരിക്കുന്ന ഈ ദിവസം സമർപ്പിതരുടെ ദിനമായും സഭ ആചരിക്കുകയാണ്‌. ഈശോയ്ക്കായി തങ്ങളുടെ ജീവിതം സമർപ്പിച്ചിരിക്കുന്ന എല്ലാ സമർപ്പിതർക്കും പ്രാർത്ഥനാശംസകൾ നേരുന്നു.

    പിൻകുറിപ്പ്‌: സന്യാസിക്കൊന്നുമറിയില്ലല്ലോ…! കുറേയേറെ പ്രാവശ്യം കേൾക്കാനിടയായ ഒരു പ്രസ്താവനയാണിത്‌. ആദ്യം കേട്ടപ്പോൾ വിഷമം തോന്നിയെന്നത്‌ മറച്ചുവയ്ക്കുന്നില്ല. എന്നാൽ ഇതിന്റെ മറുവശം ഞാൻ ധ്യാനിച്ചപ്പോൾ എന്റെ വിഷമമൊക്കെ മാറി. സന്യാസിക്കൊന്നുമറിയില്ലല്ലോ എന്ന്‌ പറഞ്ഞവരും പറയുന്നവരും സന്യാസത്തെ വിലയിരുത്തുന്നത്‌ അവരുടെ ലോകത്തുനിന്നാണ്‌. സന്യാസി അവരുടെ ലോകത്തല്ല ജീവിക്കുന്നത്‌. അവരുടെ അളവുകോലുകൊണ്ടളന്നാൽ അളന്നുതീരാവുന്ന ജീവിതമല്ല സന്യാസിയുടേത്‌. അറിവില്ലാത്തവരുടെ വാക്കുകൾ എന്തിനെന്റെ കാതിലൂടെ ഹൃദയത്തിലേറ്റണം..? എന്തിന്‌ ഞാൻ നൊമ്പരപ്പെടണം. ഞാൻ കാത്തിരിക്കുന്നത്‌ കർത്താവിനെയല്ലേ…

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!