ജാഷ്പൂര്‍: നവ കത്തോലിക്കാ സന്യാസിനിയുടെ വ്രതവാഗ്ദാനത്തിന് ശേഷം നടന്ന ഭവനസന്ദര്‍ശനം വന്‍ ട്രാജഡിയായി മാറി. സിസ്റ്റര്‍ ബിബ്ഹാ കെര്‍ക്കെറ്റയ്ക്കാണ് ഈ ദുര്യോഗമുണ്ടായത്.
സിസ്റ്റര്‍ ബിബ്ഹായെയും അമ്മയെയും കൂടാതെ മറ്റ് മൂന്നുപേരെയും മതവികാരം ്വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. ജൂണ്‍ ആറിനായിരുന്നു അറസ്റ്റ് നടന്നത്. വ്രതവാഗ്ദാനത്തിന് നന്ദി പറഞ്ഞ്‌സ്വന്തം ഭവനത്തില്‍ വിശുദ്ധ ബലി സംഘടിപ്പിച്ചതിനാണ് മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി അറസ്റ്റ് നടന്നിരിക്കുന്നത്.
എന്നാല്‍ സൗഖ്യശുശ്രൂഷയാണ് വീട്ടില്‍ സംഘടിപ്പിച്ചതെന്നും ഇത് മറ്റു മതവിശ്വാസികളുടെ വികാരത്തെ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ചും ഒരു സംഘം ഹൈന്ദവമതമൗലികവാദികള്‍ രംഗത്തെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ കന്യാസ്ത്രീയുടെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമായ കത്തോലിക്കര്‍ മാത്രമാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതെന്നും അത് സൗഖ്യശുശ്രൂഷ ആയിരുന്നി്‌ല്ലെന്നും ക്രൈസ്തവസംഘടനകള്‍ ആരോപണം നിഷേധിച്ചു.
ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍ കോണ്‍ഗ്രിഗേഷന്‍ അംഗമായ സിസ്റ്റര്‍, ആറു മാസം മുമ്പാണ് പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. ഒരു കോഴ്‌സില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലെത്തിയതായിരുന്നു സിസ്റ്റര്‍. വിശുദ്ധ കുര്‍ബാനയില്‍പങ്കെടുത്ത മറ്റുള്ളവരെ അന്വേഷിക്കുകയാണ് പോലീസ്. ഹൈന്ദവദൈവങ്ങളെയും ആചാരങ്ങളെയും സിസ്റ്ററും കുടുംബവും അപമാനിച്ചുവെന്നാണ് ഭാരതീയജനതാപാര്‍ട്ടി നേതാവിന്റെ ആരോപണം.
ജാഷ്പൂര്‍ ജയിലിലാണ് സിസ്റ്ററെയും മറ്റുളളവരെയും പാര്‍പ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ 13 ന് പരിഗണിക്കും. തീവ്രഹിന്ദുത്വവാദികള്‍ സിസ്റ്ററുടെ അമ്മയെ അടിക്കുകയും ബൈബിളും ജപമാലയും വലിച്ചെറിയുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഈ സംഭവങ്ങള്‍ സമീപത്തെ ക്രൈസ്തവരെ മുഴുവന്‍ ഭയചകിതരാക്കിയിരിക്കുകയാണ്.