Tuesday, December 3, 2024
spot_img
More

    Day 05-മാതാവിന്റെ വണക്കമാസം

    പരിശുദ്ധ കന്യകയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു

    വി.യോവാക്കിമിനും വി. അന്നാമ്മയ്ക്കും സന്താനഭാഗ്യമില്ലാതിരുന്നതിനാല്‍ അവര്‍ ഏറെ ദുഃഖാര്‍ത്തരായിരുന്നു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകളിലും ഉപവാസങ്ങളിലും സംപ്രീതനായി ദൈവം അവരെ അനുഗ്രഹിച്ചു.അവര്‍ക്ക് ഒരു പുത്രി ജനിച്ചു, മേരി എന്ന നാമധേയം നല്കി. മേരി എന്ന നാമത്തിന്റെ അര്‍ത്ഥം നാഥ, രാജ്ഞി, സമുദ്രതാരം എന്നെല്ലാമാണ്. യേശു എന്ന തിരുനാമം കഴിഞ്ഞാല്‍ എത്ര മധുരജ്ഞമായ വേറൊരു നാമമില്ല. സന്താനമുണ്ടാകുന്ന പക്ഷം ആ സന്താനത്തെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണെന്നു സന്താനലബ്ധിക്കു മുമ്പുതന്നെ ആ മാതാപിതാക്കള്‍ വാഗ്ദാനം ചെയ്തു.

    ശിശുവായ മേരിയെ മാതാപിതാക്കന്മാര്‍ വളരെ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടിയാണ് വളര്‍ത്തി ക്കൊണ്ടു വന്നത്. മേരിയുടെ നാമത്തില്‍, ഭൂസ്വര്‍ഗ്ഗം ആനന്ദിച്ചു. ശൈശവത്തില്‍ തന്നെ ദൈവസ്‌നേഹം കൊണ്ടു നിറഞ്ഞവളായിരുന്നു മേരി. അവളുടെ അസ്തിത്വം മുഴുവനും ദൈവത്തിനു വേണ്ടിയായിരുന്നല്ലോ.

    പില്‍ക്കാലത്ത് യഹൂദബാലികമാരില്‍ പലരും യൗവ്വനപ്രായമാകുന്നതുവരെ ദേവാലയത്തില്‍ വസിച്ചിരുന്നു. അവരുടെ ശിക്ഷണത്തിനായി ദേവാലയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. പക്വമതികളായ ചില വനിതകള്‍ അതിനായി നിയുക്തരായിട്ടുണ്ടാകും. ബാല്യകാലത്തില്‍ മാതാപിതാക്കന്മാരില്‍ നിന്നുള്ള അകല്‍ച്ച മൂലമുണ്ടാകുന്ന ദുഃഖം ശിശുവായ മേരിക്ക് പ്രതിബന്ധമായില്ല.

    യഹൂദാചാരപ്രകാരമുള്ള പ്രാര്‍ത്ഥനകളിലും മതകര്‍മ്മങ്ങളിലും അവള്‍ പ്രത്യേകം ഔത്സുക്യം പ്രദര്‍ശിപ്പിച്ചു. യഹൂദരുടെ പ്രധാന പ്രാര്‍ത്ഥന സങ്കീര്‍ത്തനങ്ങളാലപിക്കുക എന്നതായിരുന്നു. മേരി അവ ഹൃദിസ്ഥമാക്കി എപ്പോഴും ജപിച്ച് കൊണ്ടിരുന്നു. മേരിയുടെ കൃതജ്ഞതാലാപം വിശുദ്ധ ഗ്രന്ഥത്തില്‍ സ്പഷ്ട്ടമായി പ്രതിപാദിക്കുന്നുണ്ട്.

    ദൈവം മാതാപിതാക്കന്മാര്‍ക്കു സന്താനങ്ങളെ നല്കുന്നത് നല്ലവരായി വളര്‍ത്തി അവരെ ദൈവത്തിനു സമര്‍പ്പിക്കുവാനാണ്. അവരെ കുടുംബത്തിന്റെ അഭിമാനപാത്രങ്ങളും സമൂഹത്തിന്റെ മണിദീപങ്ങളുമായി വളര്‍ത്തേണ്ടതു മാതാപിതാക്കളുടെ കടമയാണ്. മക്കളോടുള്ള അതിവാത്സല്യമോ അവരുടെ ശിക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ പതിക്കാത്തതോ അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാപമാണ്. മേരിയുടെ മാതാപിതാക്കന്മാര്‍ക്ക് വേറെ സന്താനങ്ങളൊന്നുമില്ലാതിരുന്നിട്ടും അവര്‍ സന്തോഷപൂര്‍വ്വം ദൈവത്തിനര്‍പ്പിച്ചു.

    വി. കൊച്ചുത്രേസ്യയും അല്‌ഫോന്‍സാമ്മയും തങ്ങളുടെ മാതാപിതാക്കള്‍ ബാല്യത്തില്‍ തന്നെ മരിച്ചതു നിമിത്തം ദൈവജനനിയെ തങ്ങളുടെ അമ്മയായി സ്വീകരിച്ചതായി അവരുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

    സംഭവം

    ബെല്‍ജി്യത്തിലുള്ള ഒരു ഗ്രാമമാണ് ബെവറെങ്ങ്. 1932ല്‍ പരിശുദ്ധ കന്യക അവിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടു പറഞ്ഞു: ‘ഞാന്‍ പാപികളെ മാനസാന്തരപ്പെടുത്തും’. ആ സ്ഥലം ഇന്ന് ഒരു മരിയന്‍ ഭക്തി കേന്ദ്രമായി വളര്‍ന്ന് കഴിഞ്ഞു. അനേകം പേര്‍ അവിടം സന്ദര്‍ശിച്ച് മാനസാന്തരപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ‘റെഡ് ഫ്‌ലാഗ്’ എന്ന കമ്മ്യൂണിസ്റ്റ് പത്രത്തിന്റെ പത്രാധിപരുടേതാണ്.

    രണ്ടാം ലോക മഹായുദ്ധകാലത്ത് അയാളെ നാസികള്‍ തടവിലാക്കി. ജീവന്‍ അപകടത്തിലായി. അയാള്‍ ഉടനെ തന്നെ പ.കന്യകയെ സ്മരിച്ചു. തന്നെ മോചിപ്പിക്കുന്ന പക്ഷം സത്യവിശ്വാസത്തിലേക്ക് പ്രത്യാഗമിക്കുന്നതാണെന്നു അയാള്‍ വാഗ്ദാനം ചെയ്തു. അയാള്‍ മോചിതനായി.

    പക്ഷേ, വിശ്വാസം സ്വീകരിക്കുന്നതിന് വിമുഖനായിരുന്നു. 1945ല്‍ അയാള്‍ വലിയ വിശ്വാസമൊന്നുമില്ലാതെ ബെവറെങ്ങിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. വെറും കാഴ്ചക്കാരനായി പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന്‍ മുന്‍പില്‍ നിന്ന അദ്ദേഹം പെട്ടെന്ന് ഭക്തജനങ്ങളോടൊപ്പം മുട്ടുകുത്തി. താന്‍ വഴി പരിശുദ്ധ കന്യക വലിയ കാര്യങ്ങള്‍ ലോകത്തിനു ചെയ്യുവാന്‍ പോകുന്നതായി അദ്ദേഹത്തിനു ദൈവിക ദര്‍ശനം ലഭിക്കുകയുണ്ടായി. പരിപൂര്‍ണ്ണമായ ഒരു പരിവര്‍ത്തനമാണ് അദ്ദേഹത്തിന് ഉണ്ടായത്. അദ്ദേഹമാണ് ബല്‍ജിയത്തില്‍ ലീജന്‍ ഓഫ് മേരിയുടെ സ്ഥാപകന്‍.

    പ്രാര്‍ത്ഥന

    അമലമനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ, അങ്ങു ശൈശവ ദശയില്‍ത്തന്നെ ദൈവത്തിന് പരിപൂര്‍ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ. ദിവ്യനാഥേ, ഞങ്ങളും ദൈവസ്‌നേഹത്തിലും അങ്ങയോടുള്ള സ്‌നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്കിയരുളണമേ. അങ്ങ് ലോകപരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതന് വാസസ്ഥലം സജ്ജമാക്കി. ഇതുപോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹൃദയനാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ.

    എത്രയും ദയയുള്ള മാതാവേ!

    ലുത്തിനിയ

    പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

    പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    സുകൃതജപം

    മറിയത്തിന്റെ വിമലഹൃദയമേ, ഇന്ത്യയ്ക്കു വേണ്ടി പ്രാര്‍ത്ഥി ക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!