കാക്കനാട്: വിശുദ്ധകുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനുനേരെ നടന്ന അതിക്രമം പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന തെറ്റായി മാത്രമേ കാണാന്‍ സാധിക്കൂവെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പ്രസാദഗിരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ജോണ്‍ തോട്ടുപുറത്തിനെതിരെ നടന്ന അക്രമത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമാന്യമര്യാദയുടെയും അടിസ്ഥാനക്രൈസ്തവ ജീവിതശൈലിയുടെയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ട് മദ്ബഹയുടെ പരിശുദ്ധ കളങ്കപ്പെടുത്തിയത് വിശ്വാസസമൂഹത്തെ മാത്രമല്ല പൊതുസമൂഹത്തിലും അമ്പരപ്പ് ഉളവാക്കുകയുണ്ടായി. ഇത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഈ അക്രമത്തില്‍ പങ്കുകാരായ എല്ലാവര്‍ക്കുമെതിരെ കാനന്‍ നിയമവും രാജ്യത്തിന്റെ നിയമവും അനുശാസിക്കുന്ന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വിശ്വാസജീവിതത്തെയും സഭാസംവിധാനങ്ങളെയും അച്ചടക്കത്തെയും ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.