വത്തിക്കാന്‍ സിറ്റി: ദരിദ്രരുടെ നിലവിളി കേള്‍ക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മറിയത്തിന്റെ സേവകര്‍ സന്യാസസഭയുടെ 215-ാമത് പൊതു ചാപ്റ്ററില്‍ അംഗങ്ങളായിരിക്കുന്നവര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഒരാള്‍ എത്രത്തോളം ഒരാളുടെ ഉത്ഭവത്തിലേക്ക് മടങ്ങുന്നുവോ അത്രയധികം സര്‍ഗ്ഗാത്മകതയ്ക്കും പ്രവചനത്തിനും പ്രാപ്തനാകുന്നു. സന്യാസസഭകളുടെ ഏക ആദര്‍ശം ക്രിസ്തുവായതിനാല്‍ അവിടുത്തെ മുറുകെ പിടിക്കണം.
ക്രിസ്തുവില്‍ ശക്തമായ സൗഹൃദത്താല്‍ ബന്ധപ്പെട്ടിരിക്കുന്ന നിരവധി ആളുകളുടെ സാഹോദര്യമാണ് സഭയുടെ അടിത്തറ .വിവിധ കാരണങ്ങളാല്‍, ആളുകള്‍ വിഭജിക്കപ്പെടുന്നിടത്ത്, സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും വാഹകരാകാന്‍ ഏവരും വിളിക്കപ്പെട്ടിരിക്കുന്നു.
ദൈവവചനത്തെ അടിസ്ഥാനമാക്കിയും ഉറച്ച ദൈവശാസ്ത്രപരവും സഭാശാസ്ത്രപരവുമായ പരാമര്‍ശങ്ങളോടെയും സഭയില്‍ മരിയന്‍ഭക്തി പ്രോത്സാഹിപ്പിക്കുന്നത് തുടരണമെന്നും പാപ്പ പറഞ്ഞു.
—
Vinayak Nirmal (Biju Sebastian)