സമാധാനം സ്വീകരിക്കാൻ ഹൃദയങ്ങളിൽ ഇടമൊരുക്കണം: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: ഈശോമിശിഹാ നൽകുന്ന യഥാർത്ഥ സമാധാനം സ്വീകരിക്കുന്നതിന് സ്വന്തം ജീവിതത്തിലും ഹൃദയത്തിലും ഇടമൊരുക്കുന്നതിന് പിറവി തിരുനാൾ നമ്മളെയെല്ലാവരെയും ഓർമിപ്പിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടത്തപ്പെട്ട തിരുപ്പിറവി തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സമാധാനത്തിന്റെ സുവിശേഷത്തെ ശുശ്രൂഷിക്കുവാനും പ്രഘോഷിക്കുവാനും സാധിക്കുന്നത് ഇരുളിനെ പരിപൂർണ്ണമായി ഇല്ലാതാക്കുന്ന പ്രകാശമായ മിശിഹായെ സ്വീകരിക്കാൻ തയ്യാറാകുന്നവർക്കാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ബെത്‌ലഹേമിലെ തിരക്കുകൾക്കിടയിൽ രക്ഷകന് ഇടം നൽകാതെ പോയവർക്ക് തിരുപ്പിറവിയുടെ സന്തോഷം ആസ്വദിക്കാനോ ആശ്വാസം പ്രാപിക്കാനോ സാധിച്ചില്ല. ആർക്കും ഇടം നൽകാതെ സ്വാർത്ഥതയിലും സ്വന്തം സുഖാന്വേഷണങ്ങളിലും മാത്രം മുഴുകിയിരിക്കുന്നവർക്ക് ദൈവീക രഹസ്യങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്നും, അപരനുവേണ്ടി ഹൃദയം തുറന്നിടുമ്പോഴാണ് തിരുപ്പിറവി അർത്ഥപൂർണ്ണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാത്രി 11.45-ന് കാഞ്ഞിരപ്പള്ളി കത്തീഡ്രലിൽ ആരംഭിച്ച തിരുപ്പിറവി തിരുക്കർമ്മങ്ങളിൽ കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് റവ. ഡോ. കുര്യൻ താമരശ്ശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശ്ശേരി, ഫാ. ജേക്കബ് ചാത്തനാട്ട്, വൈദികർ സന്യാസിനികളുൾപ്പെടെയുള്ള വിശ്വാസിഗണം പങ്കു ചേർന്നു.
ഫോട്ടോ: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിൻ്റെ കാർമികത്വത്തിൽ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പിറവി തിരുനാൾ തിരുക്കർമ്മളുടെ ഭാഗമായ തീയുഴൽച്ച ശുശ്രൂഷ.
ഫാ. സ്റ്റാൻലി പുള്ളോലിക്കൽ
PRO
Mob: 9496033110