Monday, February 16, 2026
spot_img
More

    മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ നടക്കുന്ന സമരമാര്‍ഗങ്ങള്‍ ക്രൈസ്തവസ്‌നേഹത്തിന്റെ പരിധികളെ ലംഘിക്കുന്നു: സീറോമലബാര്‍സഭ..

      കാക്കനാട്:  എറണാകുളം- അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി എന്നനിലയില്‍ അതിരൂപതയുടെ സാധാരണ ഭരണനിര്‍വഹണം  നടത്തുന്ന ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെതിരേ നടത്തിവരുന്ന സമരമാര്‍ഗ്ഗങ്ങള്‍ ക്രൈസ്തവ സ്‌നേഹത്തിന്റെ  പരിധികളെയെല്ലാം ലംഘിക്കുന്നുവെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട്. 

    ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ മറ്റു രൂപതകളിലേതുപോലെ നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ്, സഭാ കൂട്ടായ്മയ്ക്കു മുന്‍ഗണന കൊടുത്തുകൊണ്ട് ഘട്ടംഘട്ടമായി ഇതു നടപ്പിലാക്കാനുള്ള പ്രത്യേക അനുമതി സിനഡ് നല്കിയത്. പ്രക്ഷുബ്ധമായിരുന്ന അതിരൂപതയിലെ അജപാലനാന്തരീക്ഷം ഈ തീരുമാനം നടപ്പിലാക്കിയതോടെ ശാന്തമായിത്തുടങ്ങി. അതിനിടയിലാണ് സിനഡ് അതിരൂപതയ്ക്കുവേണ്ടി നല്‍കിയ ഈ പ്രത്യേക അനുമതിയെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന ഒരു വിഭാഗം ആളുകള്‍, 2025 ഡിസംബര്‍ 10 മുതല്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കയ്യേറുകയും രാപ്പകല്‍ താമസിച്ച് വിശുദ്ധ കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തത്.

    2026 ജനുവരി 6 മുതല്‍ 10 വരെ നടത്തിയ മുപ്പത്തിനാലാം സിനഡിന്റെ ഒന്നാം സമ്മേളനത്തിനുശേഷം 2026 ജനുവരി പത്തിന് പുറത്തിറക്കിയ സര്‍ക്കുലറില്‍, സിനഡു പിതാക്കന്മാര്‍ ‘എറണാകുളംഅങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തില്‍, ഘട്ടംഘട്ടമായി ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലാക്കാനുള്ള സിനഡു തീരുമാനത്തെ എല്ലാവരും അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ക്രൈസ്തവചൈതന്യത്തിനു ചേരാത്ത പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ വെടിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരെയും ആഹ്വാനം ചെയ്യുകയും’ ചെയ്തിരുന്നു.
    സിനഡിന്റെ ഈ ആഹ്വാനത്തിനുശേഷവും സമരമാര്‍ഗം തുടരുന്ന ഒരു വിഭാഗം ആളുകള്‍ ബസിലിക്കയുടെ മുഖവാരത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും പാംപ്ലാനി പിതാവിന്റെയും ചിത്രങ്ങള്‍ അപകീര്‍ത്തികരമായി പ്രദര്‍ശിപ്പിക്കുകയും, അഭിവന്ദ്യ പിതാക്കന്മാരുടെ ചിത്രം ആര്‍ച്ചുബിഷപ്പ്‌സ് ഹൗസിന്റെ മതിലിലും സമീപപ്രദേശങ്ങളിലും പതിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ അഭിവന്ദ്യ പാംപ്ലാനി പിതാവിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുകയും രാത്രിയുടെ മറവില്‍ തലശ്ശേരി ആര്‍ച്ചുബിഷപ്പ്‌സ് ഹൗസിന്റെ മതിലില്‍ പിതാവിന്റെ ചിത്രം മോശമായി അവതരിപ്പിച്ചുകൊണ്ട് പതിക്കുകയും ചെയ്തു. ഇത് അങ്ങേയറ്റം അപലപനീയമാണ്.

    പരിശുദ്ധ പിതാവും സിനഡും പറഞ്ഞതിനെതിരേയാണ് അഭിവന്ദ്യ പാംപ്ലാനി പിതാവ് പ്രവര്‍ത്തിക്കുന്നതെന്നു പ്രചരിപ്പിച്ചുകൊണ്ട് സഭയെയും സഭാതലവനെയും സഭയിലെ പിതാക്കന്മാരേയും നിരന്തരം ദുഷിച്ചുകൊണ്ടിരിക്കുന്ന ഈ വിഭാഗം ചെയ്യുന്നത് സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. അഭിവന്ദ്യ പാംപ്ലാനി പിതാവ് സഭാ സംവിധാനങ്ങള്‍ക്കെതിരായാണ് പ്രവൃത്തിക്കുന്നതെങ്കില്‍ അതിനെതിരെ പരാതിപ്പെടാനും പ്രതിവിധി തേടാനും സഭയുടെ ഉന്നതസംവിധാനങ്ങളുണ്ട്. നാടിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായാണ് പിതാവ് തീരുമാനങ്ങളെടുക്കുന്നതെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ നിയമസംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഈ തലങ്ങളിലൊന്നും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സാധിക്കാതെ വന്നപ്പോളാണ് അഭിവന്ദ്യ പിതാവിനെ വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിതനീക്കം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭയെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്ന ആര്‍ക്കും ഇത്,അംഗീകരിക്കാനാവില്ല. തലശ്ശേരി അതിരൂപതാധ്യക്ഷന്‍ എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കു പുറമേ, പരിശുദ്ധ പിതാവിന്റെയും സീറോമലബാര്‍ മെത്രാന്‍സിനഡിന്റെയും തീരുമാനപ്രകാരമാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ അധികച്ചുമതല പിതാവ് വഹിക്കുന്നത്. അധിക്ഷേപങ്ങളും അവഹേളനങ്ങളും സഹിച്ചു ത്യാഗപൂര്‍വം സഭാതീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുന്ന അഭിവന്ദ്യ പാംപ്ലാനി പിതാവിനൊപ്പം സഭ മുഴുവനും ഉണ്ടെന്നു വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
    ക്രൈസ്തവമല്ലാത്ത സമരമാര്‍ഗ്ഗങ്ങള്‍ വെടിഞ്ഞ് അനുരഞ്ജനത്തിന്റെയും അനുസരണത്തിന്റെയും അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചയുടെയും മാര്‍ഗ്ഗത്തിലേക്ക് എല്ലാവരും കടന്നുവരണമെന്നും, സഭാസംവിധാനങ്ങളെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍നിന്നും പിന്തിരിയണമെന്നും അഭ്യര്‍ഥിക്കുന്നു. പ്രസ്താവനയില്‍ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.
    ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ നടക്കുന്ന വിദ്വേഷപ്രചരണങ്ങളെ അപലപിച്ചുകൊണ്ട് തലശ്ശേരി അതിരൂപത പിആര്‍ഒ ഫാ. ജോസഫ് മുട്ടത്തുകുന്നേലും പ്രസ്താവന പുറപ്പെടുവിച്ചു. പാംപ്ലാനി പിതാവിനെ ഉന്നംവച്ച് വ്യക്തിഹത്യ നടത്തുവാന്‍ ശ്രമിക്കുന്ന വ്യക്തികളും വാട്‌സാപ്പ് ഗ്രൂപ്പുകളും സഭയുടെ നന്മയല്ല കാംക്ഷി്ക്കുന്നതെന്ന് ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍ വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!