വത്തിക്കാന്‍ സിറ്റി: യുദ്ധം പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല എന്നും അത് കൂടുതല്‍ വഷളാക്കുന്നുവെന്നും ലെയോ പതിനാലാമന്‍ പാപ്പ. യുദ്ധം സുരക്ഷ സൃഷ്ടിക്കുന്നില്ല; കഷ്ടപ്പാടും വിദ്വേഷവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
മിസൈലുകളും ഡ്രോണുകളും വീഴുന്നിടത്ത്, പ്രതീക്ഷകള്‍ തകര്‍ക്കപ്പെടുന്നു, വീടുകളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെടുന്നു, നിരപരാധികളുടെ ജീവിതങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നു. പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
സമീപദിവസങ്ങളില്‍ വര്‍ദ്ധിച്ച യുക്രെയ്നിലെ യുദ്ധങ്ങളെ താന്‍ ആശങ്കയോടെയാണ് കാണുന്നതെന്ന് പാപ്പ അറിയിച്ചു. സിവിലിയന്മാരെ ലക്ഷ്യം വച്ചുകൊണ്ടുള്ള സമീപദിവസങ്ങളിലെ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവരോടുമുള്ള തന്റെ ഐകദാര്‍ഢ്യവും പാപ്പ പ്രഖ്യാപിച്ചു. യുദ്ധത്തില്‍ തകര്‍ന്ന എല്ലാ ജനങ്ങളെയും സമാധാന രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന് പാപ്പ സമര്‍പ്പിച്ചു.
മെയ് 23, 24 ദിവസങ്ങളിലായി റഷ്യന്‍ സൈന്യം യുക്രെയ്നെതിരെ വലിയ തോതില്‍ ബോംബാക്രമണം നടത്തിയിരുന്നു. കൈവില്‍ നിരവധി മരണങ്ങള്‍ക്ക് ഇതിടയാക്കിയിട്ടുണ്ട്.