വത്തിക്കാന്‍സിറ്റി: ആത്മാവിലുള്ള ജീവിതത്തിന്റെ ഫലവും അടയാളവുമാണ് ഐക്യമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. കാരുണ്യപ്രവൃത്തികളിലൂടെ വെളിപെടുന്ന സ്‌നേഹമാണ് മറ്റൊരു ഫലം. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തില്‍ നിന്നുള്ള ആളുകള്‍ക്ക് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നല്കിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സഭൈക്യവും സഭയുടെ പൊതുനന്മയും ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങള്‍ കണ്ടുവേണം കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമേഖലയിലുള്ളവര്‍ പ്രവര്‍ത്തിക്കേണ്ടത്. കരിസ്മാറ്റിക് നവീകരണത്തില്‍ തിരുവചനത്തിനുള്ളപ്രാധാന്യവും പാപ്പ എടുത്തുപറഞ്ഞു.
കത്തോലിക്കാസഭയ്ക്കുള്ളിലെ തങ്ങളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യം കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലുള്ളവരെ പാപ്പ ഓര്‍മ്മിപ്പിച്ചു. ഇടവകകളിലും രൂപതകളിലുമുള്ള സജീവസാക്ഷ്യത്തിലൂടെയും ശുശ്രൂഷകളിലൂടെയുമാണ് അത് സാധ്യമാക്കേണ്ടത്, സ്വാര്‍ത്ഥവിജയത്തിനോ ഉന്നതിക്കോ വേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിച്ച്, ഒരു സമൂഹമെന്ന നിലയില്‍ പൊതുനന്മ ലക്ഷ്യമാക്കി ആത്മാവിന്റെ പ്രകാശവും ശക്തിയും പങ്കുവച്ചു മുന്നോട്ട് പോകണം. പാപ്പ ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നവീകരണപ്രസ്ഥാനമായ കാരിസിലെ അംഗങ്ങളാണ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.