സിനിമയിലെ ഒരു രംഗംപോലെ തോന്നാം. പക്ഷേ സിനിമയല്ല ഇത് ജീവിതം തന്നെയാണ്. മുട്ടിന് താഴെ വെള്ളം. ആ വെള്ളത്തില്‍ വിവാഹവേഷം ധരിച്ചുനില്ക്കുന്ന വധുവരന്മാര്‍. വൈദികനും ശുശ്രൂഷികളും അതിഥികളും വെള്ളത്തില്‍. സ്ഥലമാകട്ടെ ദേവാലയവും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ വിവാഹം നടന്നത് ഫിലിപ്പൈന്‍സിലെ ഹാഗോനോയി സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ വച്ചാണ്.. പ്രതികൂലമായ കാലാവസ്ഥയെതുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കാം എന്നായിരുന്നു ബന്ധുക്കളുടെ ആദ്യതീരുമാനം. പക്ഷേ വധുവരന്മാര്‍ അതിന് ഒരുക്കമായിരുന്നില്ല. നിശ്ചിതദിവസം തന്നെ വിവാഹം നടത്തണമെന്നായിരുന്നു അവര്‍ക്ക്. അതുകൊണ്ട് വിവാഹതീയതി മാറ്റാതെ വിവാഹം നടന്നു. പക്ഷേ ആ ദിവസം ദൈവാലയത്തില്‍ വെള്ളംകയറി. തിരുക്കര്‍മ്മങ്ങള്‍ നടക്കുമ്പോഴും ദേവാലയത്തിലേക്ക് വെള്ളം കയറിക്കൊണ്ടിരുന്നു. എന്നിട്ടും ആരും തിരുക്കര്‍മ്മങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയോ വിവാഹം വേഗത്തില്‍ നടത്താന്‍ വൈദികനോട് ആവശ്യപ്പെടുകയോ ചെയ്തില്ല. എല്ലാം സാധാരണപോലെ നടന്നു. സെപ്തംബര്‍ ഒന്നാം തീയതി നടന്ന ഈ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.