കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാർ ലഹരിക്കെതിരേ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി രൂപതയിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്കാരിക കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നവംബർ രണ്ടിന് രാവിലെ 10ന് കാഞ്ഞിരപ്പള്ളിയിൽ തൂഫാൻ സമ്മിറ്റ് സംഘടിപ്പിക്കും. വിവിധ സ്ഥലങ്ങളിൽനിന്ന് വരുന്ന നൂറു കണക്കിന് വിദ്യാർഥികൾ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള റാലിയിൽ പങ്കെടുക്കും.
സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. പ്രഫ. റോണി കെ. ബേബി എംഎൽഎ, വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ നിന്ന് ആരംഭിക്കുന്ന തൂഫാൻ റാലി സെന്റ് ഡൊമിനിക്സ് സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും.
സംസ്ഥാന സർക്കാരിന്റെ കാലിക പ്രാധാന്യമുള്ള ഓപ്പറേഷൻ തൂഫാന് വൻ ജനപങ്കാളിത്ത മാണ് ജനങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.