ദരിദ്രരുടെ ആരോഗ്യ സുരക്ഷയ്ക്കായി മാര്‍പാപ്പയും അബുദാബി രാജകുമാരനും കൈകോര്‍ക്കുന്നു

അബുദാബി: പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ സമൂഹത്തിലെ ആളുകളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട ചികിത്സകള്‍ നല്കുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പയും അബുദാബി രാജകുമാരന്‍ മുഹമ്മദ് ബിന്‍ അല്‍ നാഹ് യാനും തമ്മില്‍ ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി സംയുക്ത രേഖയില്‍ പ്രതിനിധികള്‍ ഒപ്പുവയ്ക്കുകയും ചെയ്തു. മാര്‍പാപ്പയുടെ പ്രതിനിധിയായി ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ്‌ക്കോ പാഡില്ലായും രാജകുമാരന്റെ പ്രതിനിധിയായി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക്കുമാണ് ഒപ്പുവച്ചത്.

വ്യക്തികളുടെ പശ്ചാത്തലം നോക്കാതെ ആരോഗ്യത്തോടെയും മാന്യതയോടെയും ജീവിക്കാനുള്ള അവരുടെ അവകാശം ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് പ്രസ്താവന വ്യക്തമാക്കുന്നു. ലോകജനസംഖ്യയിലെ 1.5 ബില്യന്‍ ആളുകളെ നെഗളറ്റഡ് ട്രോപ്പിക്കല്‍ ഡിസിസ് ബാധിച്ചിട്ടുണ്ടെന്നും 149 രാജ്യങ്ങളില്‍ ഇത് വ്യാപകമായിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള ആളുകളുടെ വേദനകള്‍ മനസ്സിലാക്കുകയും അവരുടെ സഹനങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു. ഇപ്രകാരമുളള രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ശ്രമിക്കുന്നു. പ്രസ്താവന വ്യക്തമാക്കി.

യുഎഇയുടെ തലസ്ഥാനമാണ് അബുദാബി. ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചിരുന്നു. മതാന്തരസംവാദം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലെ ക്രൈസ്തവന്യൂനപക്ഷത്തിന് പിന്തുണ നല്കുന്നതിനുമായിട്ടായിരുന്നു പാപ്പയുടെ സന്ദര്‍ശനം. രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് പാപ്പ എത്തിയത്. അന്ന് ഇരുവരും സമാധാന ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.