എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കല്‍ പ്രതിനിധി ഓഗസ്റ്റ് നാലിന് എറണാകുളത്തെത്തും

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയായി ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ ഓഗസ്റ്റ് നാലിന് എറണാകുളത്തെത്തും.സീറോമലബാര്‍ സഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡു തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി എറണാകുളംഅങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നതിനുമാണു ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചിരിക്കുന്നത്.

2023 മെയ് നാലിന് സീറോമലബാര്‍ സഭയുടെ പെര്‍മനന്റ് സിനഡ് അംഗങ്ങള്‍ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ നിയുക്ത കര്‍ദ്ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചര്‍ച്ചയില്‍ രൂപപ്പെട്ട നിര്‍ദേശ പ്രകാരമാണ് ആര്‍ച്ച് ബിഷപ് സിറില്‍ എറണാകുളത്തെത്തുന്നത്.

2023 ജൂണ്‍ മാസത്തില്‍ കൂടിയ സീറോമലബാര്‍സഭയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനത്തില്‍ എറണാകുളംഅങ്കമാലി അതിരൂപതക്കുവേണ്ടി ഒരു പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ നിയമിക്കുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്തിരുന്നു.

മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പേപ്പല്‍ ഡെലഗേറ്റു പ്രവര്‍ത്തിക്കുമ്പോഴും എറണാകുളംഅങ്കമാലി അതിരൂപതയുടെ ഭരണനിര്‍വഹണചുമതല അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് തന്നെ തുടര്‍ന്നും നിര്‍വഹിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.