ജീവനും പൊതിഞ്ഞ് പിടിച്ച് അസിയാബി കാനഡയിലേക്ക് യാത്രയായി


ലാഹോര്‍: ഏറെ നാള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങളുടെയും ആകുലതകളുടെയും ഒടുവില്‍ ജീവനും പൊതിഞ്ഞ് പിടിച്ച് കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ട് അസിയാബി കാനഡയിലേക്ക് പറന്നു. കഴിഞ്ഞ ദിവസം പാക്കിസ്ഥാനാണ് ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്.

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ വിചാരണയും ശിക്ഷയുമായിരുന്നു പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന അസിയാബി എന്ന ക്രൈസ്തവവനിതയുടേത്. പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി 2010 ല്‍ ആണ് അസിയാബി ജയിലില്‍ ആയത്.

ഏഴു വര്‍ഷത്തോളം ജയിലില്‍ നരകയാതന അനുഭവിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് വധശിക്ഷയില്‍നിന്ന് ഒഴിവായി അസിയാബീ പുറത്തിറങ്ങിയത്.ജയിലില്‍ പലതവണ വധശ്രമങ്ങള്‍ നേരിട്ട അസിയാബീ പുറത്തും സമാനമായ അനുഭവങ്ങളെ നേരിടേണ്ടിവന്നു. താലിബാന്‍ പിന്തുണയുള്ള ഒരു സമൂഹം അസിയാബിയുടെ ജീവന് വേണ്ടി മുറവിളി കൂട്ടുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വളരെ രഹസ്യജീവിതമായിരുന്നു അടുത്തകാലം വരെ അസിയാബി നയിച്ചിരുന്നത്.

അസിയാബിയെ സംരക്ഷിക്കാന്‍ പല വിദേശരാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ്ട്രൂഡോയുടെ ഇടപെടലാണ് അസിയാബിയെ കാനഡായില്‍ എത്തിച്ചത്. അസിയാബിയുടെ രണ്ട് പെണ്‍മക്കളും കാനഡായിലാണ്. അസിയാബിയെ കുറ്റവിമുക്തയാക്കിയതിനെതിരെ രാജ്യത്ത് പല പ്രക്ഷോഭങ്ങളും നടന്നിരുന്നു. അസിയാബിയെ രാജ്യം വിട്ടുപോകാതിരിക്കാന്‍ അധികാരികളും ശ്രമിച്ചിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇക്കാര്യത്തില്‍ മതാധികാരികള്‍ക്ക് വാക്കും നല്കിയിരുന്നു.

ഇതെല്ലാം ഭേദിച്ചാണ് ഇപ്പോള്‍ അസിയാബി കാനഡായിലേക്ക് പറന്നിരിക്കുന്നത്. ഇതിന് പിന്നില്‍ ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥന മാത്രം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.