സഭാശുശ്രൂഷകരായ നാം ഒരിക്കലും സഭയെ കച്ചവടസ്ഥലമാക്കരുത്: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: സഭാശുശ്രൂഷകരായ നാം ഒരിക്കലും സഭയെ കച്ചവടസ്ഥലമാക്കരുതെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
ഈശോയുടെ ബലിയിലൂടെ നമ്മുടെ അന്ത:കരണം ശുദ്ധമായതില്‍ നാം ദൈവത്തിന് നന്ദി പറയണം. ഈശോ എപ്പോഴും തന്റെ അമ്മയോടുകൂടെയായിരുന്നു. കാനായിലെ കല്യാണ വീട്ടിലും കഫര്‍ണാമിലേക്കുള്ള യാത്രയിലും മനുഷ്യനെന്ന നിലയില്‍ ഭൂമിയിലെ അവസാന നിമിഷങ്ങളിലുമെല്ലാം ഈശോ തന്റെ അമ്മയോട് കൂടെയായിരുന്നു.

മഹത്വത്തിന്റെ മണിക്കൂറിന്റെ ആരംഭമായിരുന്നു കാനായിലെ കല്യാണവീട്. മഹത്വത്തിന്റെ മണിക്കൂറിന്റെ അവസാനമായിരുന്നു കാല്‍വരി. ഇവിടെ രണ്ടിലും പരിശുദ്ധ മറിയത്തോട് കൂടെയായിരുന്നു ക്രിസ്തു. അമ്മയില്‍ നിന്ന് വേര്‍പെട്ട് ക്രിസ്തുവിനെ കാണാനാവില്ല. അദൃശ്യനായ ദൈവത്തെ മാംസം ധരിച്ചത് പരിശുദ്ധ കന്യാമറിയമാണ്. പരിശുദ്ധ കന്യാമറിയത്തില്‍ നിന്ന് ജനിച്ച സത്യശരീരമേ വാഴ്ക എന്നാണ് വിശുദ്ധ തോമസ് അക്വിനാസ് വിശുദ്ധ കുര്‍ബാനയെ നോക്കി പ്രാര്‍ത്ഥിച്ചത്.

ഈശോ പുതിയ ദേവാലയമാണ്. ഈശോ പുതിയ ഉടമ്പടിയുടെ മധ്യസ്ഥനാണ്. ഈശോ ബലിപീഠമാണ്. ബലിവസ്തുവാണ്, ബലി അര്‍പ്പകനാണ്. ഈശോ ജറുസലേം ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ ദേവാലയം അധപ്പതിച്ച നിലയിലായിരുന്നു. ദൈവത്തെ കണ്ടുമുട്ടേണ്ട സ്ഥലം കച്ചവടസ്ഥലമായി മാറിയിരുന്നു. ക്രിസ്തു നാണയമാറ്റക്കാരുടെ മേശകള്‍ തട്ടിമറിക്കുകയും പ്രാവുവില്പനക്കാരെ പുറത്താക്കുകയും ചെയ്യുന്നു. ഇത് വലിയ രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്നവയാണ്. എന്ത് അധികാരത്തിലാണ് നീ ഇത് ചെയ്യുന്നതെന്ന ചോദ്യത്തിന് ക്രിസ്തു പ്രതികരിക്കുന്നത് ഈ ദേവാലയം മൂന്നു ദിവസം കൊണ്ട് താന്‍ പുനരുദ്ധരിക്കുമെന്നാണ്. അടയാളം ചോദിക്കുന്നവരാണ് യഹൂദര്‍. കുരിശിന്റെ അടയാളമാണ് ക്രിസ്തു നല്കുന്നത്. ഈശോയുടെ വാക്കുകള്‍ പെട്ടെന്ന് ഗ്രഹിക്കാന്‍ കഴിയുന്നവയല്ല. ജറുസലേം ദേവാലയം പുന:നിര്‍മ്മിക്കുന്ന കാര്യത്തെക്കുറിച്ചാണ് അവര്‍ ചിന്തിച്ചത്. നാല്പത്തിയാറ് സംവത്സരം കൊണ്ടാണ് ജറുസലേം ദേവാലയം നിര്‍മ്മിച്ചത്.

നമ്മള്‍ എല്ലാവരും ചേര്‍ന്നതാണ് ദേവാലയം. ഇസ്രായേലിന്റെ ദൈവം എല്ലാ മനുഷ്യരുടെയും ദൈവമാണ്. ദൈവരാജ്യത്തിന്റെ അതിര്‍ത്തി എന്നു പറയുന്നത് സമുദ്രം മുതല്‍ സമുദ്രം വരെയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് തിരുസഭ. തിരുസഭയുടെ വലിപ്പവും മഹത്വവും ഉള്‍ക്കൊള്ളാനായി നമുക്ക് സാധിക്കണം. സഭയില്‍ ശുശ്രൂഷ ചെയ്യുന്ന നാം ഒരിക്കലും ഇതിനെ ഒരു കച്ചവടസ്ഥലമായി മാറ്റരുത്. അത്തരത്തിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടാകാം. ഉണ്ടാകാനിടയുണ്ട്. എന്നാല്‍ ഈ പ്രലോഭനത്തെ നാം ചെറുത്തുതോല്പിക്കണം.

വിശുദ്ധ കുര്‍ബാന എന്താണെന്ന് നാം ഇത്രയും കാലത്തിനിടയില്‍ മനസ്സിലാക്കിയിട്ടുണ്ടോ? ദൈവത്തിന്റെ തന്നെ ബലിയാണ് അത്. വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളിലെല്ലാം നാം അത് മനസ്സിലാക്കുന്നുണ്ട്. ദൈവികജീവനില്‍ നമ്മെ പങ്കുകാരാക്കുന്നതാണ് വിശുദ്ധ കുര്‍ബാന.നിത്യജീവനാണ് ക്രിസ്തു വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഈ വാഗ്ദാനം സ്വീകരിക്കാനായിട്ടായിരിക്കണം സഭാംഗങ്ങളായ നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. നാം നമ്മില്‍ തന്നെയോ മറ്റുള്ളവരെയോ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കുകയും വേണം. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Aleena Benny says

    ആത്മീയമായി വളരാൻ ആഗ്രഹിക്കുന്നവർക്കും ഈ ലോക ജീവിതം സുരക്ഷിതമാക്കാനും ധന്യമാക്കാനും ആഗ്രഹിക്കുന്നവർക്കും മരിയൻ പത്രം ഒരു സമ്പൂർണ്ണ സഹായി ആണ്. എല്ലാവിധ ദൈവാനുഗ്രഹവും നേരുന്നു. അനേകർക്ക് ഷെയർ ചെയ്ത് സുവിശേഷമാകാനും സുവിശേഷംഏകാനും കഴിയുന്നതിൽ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നഏവർക്കും നന്ദിയും പ്രാർത്ഥനയും ആശംസിക്കുന്നു.

Leave A Reply

Your email address will not be published.