ബിഷപ്പ് ഡോ.സൈമൺ കൈപ്പുറത്തിന്റെ ദേഹവിയോഗത്തില്‍ സ്റ്റീവനേജ് കേരള കാത്തലിക്ക് കമ്മ്യൂണിറ്റി അനുശോചിച്ചു



സ്റ്റീവനേജ്: ഒഡീഷയിലെ ബാലസോർ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ് സൈമൺ കൈപ്പുറത്തിന്‍റെ ആകസ്മിക നിര്യാണത്തിൽ സ്റ്റീവനേജ് ക്രൈസ്തവ സമൂഹം അഗാധമായ ദുംഖവും അനുശോചനവും രേഖപ്പെടുത്തി. ബിഷപ് സൈമണും സ്റ്റീവനേജ് കേരള കത്തോലിക്കാ കമ്മ്യുണിറ്റിയുമായി അതീവമായ സ്നേഹബന്ധമാണ് ഉണ്ടായിരുന്നത്. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് സ്റ്റീവനേജിലെ വിശ്വാസി സമൂഹത്തിനു വിശുദ്ധവാരത്തിന്റെ അനുഗ്രഹങ്ങളും ആശംസകളും അദ്ദേഹം നേർന്നിരുന്നു.

2016 ൽ യു കെ യിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിയപ്പോൾ സ്റ്റീവനേജിലെ ക്രൈസ്തവ സമൂഹത്തെ സന്ദർശിക്കുവാൻ സമയം കണ്ടെത്തിയ അദ്ദേഹം, വിശുദ്ധ ബലി അർപ്പിക്കുകയും സന്ദേശം നല്കുകയും ചെയ്തിരുന്നു. സ്റ്റീവനേജ് ക്നാനായ സമൂഹത്തിന്റെ കുടുംബ സംഗമത്തിൽ പങ്കു ചേരുവാനും,  തന്റെ തിരക്കിട്ട പര്യടനത്തിനിടയിലും സമയം കണ്ടെത്തിയിരുന്നു.

വിശ്വാസവും പൈതൃകവും സ്നേഹവും മുറുകെ പിടിച്ചു മുന്നേറുവാനും, പാശ്ചാത്യമണ്ണിൽ മക്കളുടെയും കുടുംബത്തിന്റെയും  ഭദ്രതക്കും, സംരക്ഷണത്തിനും പ്രാർത്ഥനയുടെയും, പരമാവധി വിശുദ്ധ കുർബ്ബാനകളിൽ ഉള്ള പങ്കാളിത്തവും അനിവാര്യമാണെന്ന്  മാർ സൈമൺ കൈപ്പുറം ഉദ്ബോധിപ്പിച്ചത്  ഷാജി മഠത്തിപ്പറമ്പിൽ അനുസ്മരിച്ചു. 

ശക്തനായ അജപാലകനും , അക്രൈസ്തവർക്കിടയിൽ സമാധാനത്തിന്റെയും, സഹായത്തിന്റെയും സ്നേഹദൂതനും, ക്രൈസ്തവ മൂല്യങ്ങൾക്കും, കത്തോലിക്കാ സഭയുടെ വിവിധ മേഖലകളിലും, സെമിനാരികളിലും, പേപ്പൽ  മിഷനിലും സജീവമായി  സേവനങ്ങൾ ചെയ്തു പോന്നിരുന്ന ബിഷപ് സൈമൺ കൈപ്പുറത്തിന്‍റെ   അകാല വിയോഗം സഭയുടെ ആത്മീയ-കർമ്മ മേഖലകളിൽ വലിയ ശൂന്യതയാണ് വരുത്തിവെച്ചിരിക്കുന്നത് എന്ന് അനുസ്മരണ ചടങ്ങിൽ ഓർമ്മിച്ചു.

ബിഷപ്പിനോടുള്ള ആദരസൂചമായി സ്റ്റീവനേജ് സീറോ മലബാർ കമ്മ്യുണിറ്റി പ്രത്യേക പ്രാർത്ഥനകളും അർപ്പിച്ചു. അപ്പച്ചൻ കണ്ണഞ്ചിറ, ജിമ്മി തോമസ്, ബെന്നി ഗോപുരത്തിങ്കൽ, ജോണി കല്ലടാന്തി, പ്രിൻസൺ പാലാട്ടി, ജോയി ഇരുമ്പൻ, ജേക്കബ് കീഴങ്ങാട്ട് തുടങ്ങിയവർ അനുസ്മരണപ്രസംഗം നടത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.