കാഞ്ഞിരപ്പള്ളി: കണ്ണൂര്‍ മട്ടന്നൂര്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ കോരുത്തോട് സ്വദേശിയായ വൈദിക വിദ്യാര്‍ത്ഥി തോമസ് കുറ്റിക്കാട്ട് (തോമസുകുട്ടി) (25) മരിച്ചു. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് മൈനര്‍ സെമിനാരിയില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയശേഷം കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍, ജീവകാരുണ്യ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ വി.കെയര്‍ സെന്റര്‍, നല്ല സമറായന്‍ ആശ്രമം എന്നിവിടങ്ങളില്‍ റീജന്‍സി പരിശീലനം പൂര്‍ത്തിയാക്കി വരികയായിരുന്നു അപകടത്തില്‍ മരിച്ച തോമസ്‌കുട്ടി. കോരുത്തോട് കുറ്റിക്കാട്ട് ദേവസ്യ-മോളി ദമ്പതികളുടെ മകനാണ് പരേതന്‍. ജോമോന്‍, ജൂലി എന്നിവര്‍ സഹോദരങ്ങളാണ്.
കൂടെ യാത്രചെയ്തിരുന്ന സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡംഗം ഫാ. റോയി മാത്യു വടക്കേല്‍, സിസ്റ്റര്‍ ട്രീസ എസ്.എച്ച്, അജി മറ്റപ്പള്ളി, ഷാജി കുന്നക്കാട്ട് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.
ഇന്നലെ രാവിലെ ഒന്‍പതരയോടെ മട്ടന്നൂര്‍ പത്തൊമ്പതാം മൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ മട്ടന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.